തലശേരി: പീഡനക്കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പീഡനത്തിന് ഇരയായ എൺപത്തി മൂന്നുകാരി ജില്ലാ ജഡ്ജിയോട് നേരിട്ട് അഭ്യർഥിച്ചു. ഇന്നലെ ജില്ലാ കോടതിയിൽ ജില്ലാ ജഡ്ജ് ടി.ഇന്ദിരയ്ക്കു മുന്പാകെയായിരുന്നു അഭ്യർഥന.
“ഈ പ്രായത്തിലുള്ള എന്നോട് ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ…’ എന്ന് ഡിസ്ട്രിക്ട് ഗവ.പ്ലീഡർ ബി.പി.ശശീന്ദ്രനോടും വയോധിക ചോദിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ അന്പത്തിയൊന്പതുകാരൻ ആണ് കേസിലെ പ്രതി.
ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയാണ് വയോധിക നേരിട്ട് കോടതിയിലെത്തി സങ്കടം അറിയിച്ചത്. ആരുമില്ലാത്ത സമയത്ത് വീട്ടിൽ എത്തിയ പ്രതി വയോധികയെ പീഡിപ്പിക്കുകയായിരുന്നു. പ്രായാധിക്യം കാരണം എതിർക്കാൻ കഴിഞ്ഞില്ലെന്നും വയോധിക കോടതിയിൽ പറഞ്ഞു.
സംഭവത്തിനുശേഷം മൂന്നുമാസം കഴിഞ്ഞാണ് കേസ് പരിഗണിച്ചത്. കുടുംബത്തിന്റെ മാനമോർത്താണ് ആദ്യം പരാതി നൽകാതിരുന്നത്. പിന്നീട് സംഭവം പുറത്തറിയുകയും പ്രതിയിൽ നിന്നും ഭീഷണി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പരാതി നൽകിയത്.
മൊഴി രേഖപ്പെടുത്തുന്പോൾ ശബ്ദം കുറവായതിനാൽ ഗവ.പ്ലീഡർ വഴിയാണ് മൊഴി കോടതി രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ വിശദമായ വാദത്തിനുശേഷം വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റി.