മുതലയുടെ ആക്രമണത്തിൽ നിന്നും മകനെ രക്ഷിക്കാൻ പിതാവ് മുതലയെ ആക്രമിച്ചു. ഫിലിപ്പെൻസ് സ്വദേശിയായ പിതാവാണ് മുതലയുടെ ആക്രമണത്തിൽ നിന്നും പന്ത്രണ്ട് വയസുകാരനായ മകനെ രക്ഷിക്കാൻ അൽപ്പം സാഹസത്തിന് മുതിർന്നത്.
പാലാവാ റീജിയണിലെ ബാലാബാക്ക് ടൗണിലുള്ള വീട്ടിൽ നിന്നും അൽപ്പം ദൂരെയുള്ള നദിയിൽ കുളിക്കുകയായിരുന്നു ഡിയെഗോ അബ്ദുൾ ഹാസൻ എന്ന കുട്ടിയും സഹോദരനും.
പെട്ടന്ന് ഇവിടെ പ്രത്യക്ഷപ്പെട്ട ഒരു മുതല ഡിയെഗോയെ വെള്ളത്തിനടിയിലേക്ക് കടിച്ചു വലിച്ചു. മക്കളുടെ കരച്ചിൽ കേട്ട പിതാവ് തെജാദ അബ്ദുൾഹാസൻ കൈയിൽ വടിയുമായി ഇവിടേക്ക് പാഞ്ഞെത്തി. വെള്ളത്തിലേക്കു ചാടിയിറങ്ങിയ ഇദ്ദേഹം കൈയ്യിൽ കരുതിയ വടി കൊണ്ട് മുതലയെ ശക്തിയായി അടിച്ചു. എന്നാൽ മുതല ഡിയെഗോയുടെ മേലുള്ള പിടിവിട്ടില്ല.
പിന്നീട് രണ്ടാമതൊന്ന് ചിന്തിച്ച് സമയം കളയാതിരുന്ന ഈ പിതാവ് മുതലയുടെ കാലിൽ ശക്തിയായി കടിക്കുകയായിരുന്നു. അൽപ്പ സമയത്തിനു ശേഷം കുട്ടിയുടെ മേലുള്ള പിടിവിട്ട മുതല തിരികെ വെള്ളത്തിലേക്കു മുങ്ങിപ്പോകുകയുമായിരുന്നു.
മുതല കടിച്ചതിനാൽ ഈ കുട്ടിയുടെ ശരീരത്തിൽ അൽപ്പം മുറിവുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇത് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.