ആലപ്പുഴ: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന തങ്ങളുടെ ജീവിതത്തിന്റെ പ്രതിനിധിയെ വെള്ളിത്തിരയിലെ കഥാപാത്രത്തിലൂടെ കണ്ടപ്പോൾ അവരിലെ ആവേശവും പ്രതീക്ഷയും വാനോളമായി.
പേരൻപ് എന്ന മമ്മുട്ടിച്ചിത്രം കാണാനെത്തിയ ആലപ്പുഴ രൂപതയുടെ കീഴിൽ ബീച്ചിനു സമീപം പ്രവർത്തിക്കുന്ന സാന്ത്വനം സ്പെഷൽ സ്കൂളിലെ 20 ഓളം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സിനിമ കണ്ടിറങ്ങിയപ്പോൾ സന്തോഷം അടക്കാനായിരുന്നില്ല.
സാമൂഹ്യപ്രതിബദ്ധതയോടെ പുറത്തിറങ്ങുന്ന ചില സിനിമകൾക്ക് തളരുന്ന മനസുകളെ ഉണർത്താനാകുമെന്നതിന്റെ നേർസാക്ഷ്യവുമായി അത്.ആലപ്പുഴ റെയ്ബാൻ സിനിഹൗസ് തീയേറ്ററിലെത്തിയാണ് കുട്ടികൾ ചിത്രം കണ്ടത്. സ്പാറ്റിക് പരാലിസിസ് എന്ന പ്രത്യേക ശാരീരിക മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്കുട്ടിയുടെ ജീവിതത്തിലെ വെല്ലുവിളികളാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകൾ കൗമാരത്തിലേക്കെത്തുന്പോൾ അമ്മയുടെ അഭാവത്തിൽ പിതാവ് എന്ന നിലയിൽ അമുദൻ എന്ന കഥാപാത്രം നേരിടുന്ന മാനസിക സംഘർഷം യഥാർഥമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നതെന്നും തങ്ങൾക്കിത് ഏറെ പ്രചോദനം നൽകുന്നുവെന്നും സ്കൂൾ അധികാരി സിസ്റ്റർ ലിൻഡ പറഞ്ഞു. മമ്മൂട്ടി തങ്ങളുടെ സ്കൂൾ സന്ദർശിക്കാൻ ഏറെ ആഗ്രഹിക്കുന്നതായും അവർ അറിയിച്ചു. സിനിമ കണ്ടിറങ്ങിയ കുട്ടികളെ വാദ്യമേളങ്ങളോടെയാണ് മമ്മൂട്ടി ആരാധകർ സ്വീകരിച്ചത്.
മേളത്തിനൊപ്പം നൃത്തംവച്ച് കുട്ടികൾ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. ഭിന്നശേഷിക്കാരായ ഇവർക്കും ജീവിതത്തോടുള്ള ആഗ്രഹം വലുതാണെന്നും അവരെ സമൂഹം വേണ്ടരീതിയിൽ പരിഗണിക്കണമെന്നും അഭ്യർഥിച്ചാണ് സംഘം തിയറ്ററിൽനിന്നു മടങ്ങിയത്. ഭിന്നശേഷിക്കാരായ 80 കുട്ടികളാണ് സ്കൂളിലുള്ളത്. സിനിമ കാണാനുള്ള കുട്ടികളുടെ ആഗ്രഹം പൂർത്തീകരിക്കാൻ തീയേറ്ററുടമ സൗജന്യ ടിക്കറ്റും നൽകി.