കൊരട്ടി: ഒന്നരമാസം മുന്പ് മേലൂർ സ്വദേശിയേയും മകനേയും മാരകായുധങ്ങളുമായി ആക്രമിച്ച് വധിക്കാൻശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മേലൂർ സ്വദേശി ചിറമേൽ വടക്കൻ വീട്ടിൽ ജോർജ് ജോസഫ് എന്ന ജോഷി (49) യെ കൊരട്ടി എസ്ഐ ജയേഷ് ബാലനും എഎസ്ഐ പിടി വർഗീസും സംഘവും പിടികൂടി.
ഡിസംബർ ആദ്യവാരം മേലൂർ സ്വദേശിയും മകനും വ്യാപാരാവശ്യത്തിനായി ടെംപോയിൽ സഞ്ചരിക്കവേ ജോഷിയും സുഹൃത്തുക്കളും തന്ത്രപൂർവം അടുത്തേക്ക് വിളിച്ചു വരുത്തി വടിവാളും ഇരുന്പുവടിയുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ കൊരട്ടി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ഈ കേസിൽ നേരത്തെ ഒരു പ്രതിയെ കോടതി റിമാൻഡു ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ജോഷി നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ച എസ്ഐയും സംഘവും പുലർച്ചെ മുതൽ വീടും പരിസരവും രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. രാവിലെ ഒന്പതുമണിയോടെ വീട്ടിലേക്ക് പതുങ്ങി വരികയായിരുന്ന ജോഷിയെ പിടികൂടാൻ ശ്രമിക്കവേ കുതറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.കൊരട്ടി സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം വൈദ്യപരിശോധന നടത്തി.
അന്വേഷണ സംഘത്തിലും പ്രതിയെ പിടികൂടുവാനും കൊരട്ടി സ്റ്റേഷനിലെ എഎസ്ഐ പ്രദീപ് സീനിയർ സിപിഒമാരായ കെ.വി. തന്പി , മുഹമ്മദ് ബാഷി, സുധീർ, എം.ബി. ബിജു പോലീസുകാരായ ടി.സി. ജിബി , ഹോം ഗാർഡ് ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.
ചാലക്കുടി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
കഞ്ചാവിലും മദ്യത്തിലും തുലഞ്ഞ കലാകാരൻ
നല്ലൊരു കലാകാരനാണ് പിടിയിലായ ജോഷി, ജീവൻ തുടിക്കുന്ന ചിത്രങ്ങളും ശിൽപങ്ങളും നിർമിക്കുന്നതിൽ അതിവിദഗ്ദ്ധൻ. പക്ഷേ സുഹൃത്തുക്കളോടൊപ്പം ലഹരി ഉപയോഗിച്ച് തുടങ്ങിയതോടെ ക്രമേണ അക്രമകാരിയായി മാറുകയായിരുന്നു ഇയാൾ.
ആളുകളെ ഭീഷണിപ്പെടുത്തുന്നത് ജോഷിയുടേയും സംഘത്തിന്റെയും പതിവ് പരിപാടിയായിരുന്നു. ലഹരി ഉപയോഗിക്കുന്നത് വിലക്കിയതാണ് മേലൂർ സ്വദേശിയായ പരാതിക്കാരനോട് ജോഷിക്ക് വിദ്വേഷം ജനിക്കാൻ കാരണം. ഇയാളെ ഭീക്ഷണിപ്പെടുത്തുന്നത് ജോഷിയുടേയും സുഹൃത്തുക്കളുടേയും പതിവ് പരിപാടിയായിരുന്നു.ലഹരിയുടെ ഉപയോഗത്തിലാണ് ഇവർ ഇങ്ങനെ ചെയ്യുന്നതെന്ന് കരുതി നിസാരമായി തള്ളിക്കളയുകയിരുന്നു പരാതിക്കാരൻ.അതേ ലാഘവത്തിലാണ് സംഭവദിവസം ജോഷി വിളിച്ചപ്പോൾ മകനോടൊപ്പം അവർക്കരികിലേക്ക് ചെന്നതും.
പ്രതികൾ വീശിയ വടി വാളിൽ നിന്നും ആയുസിന്റെ ബലം കൊണ്ട ് മാത്രമാണ് പരാതിക്കാരനും മകനും രക്ഷപെട്ടത്. ഭയചകിതരായ പരാതിക്കാരൻ മകനേയും കൊണ്ട ് കൊരട്ടി സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.