കൊച്ചി: വിദേശത്ത് ഉയർന്ന ശന്പളത്തിൽ ജോലി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ കോഴ്സിന് വിദ്യാർഥികളെ ചേർത്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവതി പിടിയിൽ. വൻ തുക ഫീസായി വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ച കേസിലെ പ്രതിയായ കണ്ണൂർ സ്വദേശിനി കൂത്തുപറന്പ് നീർവേലി ക്രെസന്റ് മഹലിൽ സയിഷാന(28) യാണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്.
പാലാരിവട്ടം ജനത റോഡിലെ പെന്റ എസ്റ്റേറ്റിൽ 2017 മുതൽ എൻഐഎസ്ഇടി എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ കീഴിലുള്ള നാഷണൽ ഡവലപ്മെന്റ് ഏജൻസിയായ ഭാരത് സേവക് സമാജിന്റെ അഫിലിയേഷൻ ഉണ്ടെന്നും ചെന്നൈയിലെ മറ്റൊരു സ്ഥാപനത്തിന്റെ ബ്രാഞ്ചാണെന്നുമായിരുന്നു പ്രചാരണം.
ഒരു മാസത്തെ ഹെൽത്ത് സേഫ്റ്റി എൻവയോണ്മെന്റൽ എൻജിനിയറിംഗ് കോഴ്സ് പഠിച്ചാൽ വിദേശ രാജ്യങ്ങളിൽ ഉയർന്ന ശന്പളത്തിൽ ജോലി ലഭിക്കുമെന്നും തങ്ങൾ തന്നെ പ്ലേസ്മെന്റ് ശരിയാക്കിക്കൊടുക്കുമെന്നുമായിരുന്നു വിദ്യാർഥികളോട് പറഞ്ഞിരുന്നത്. ഇത്തരത്തിൽ വിദ്യാർഥികളിൽനിന്ന് 20,000 രൂപ മുതൽ 50,000 രൂപ വരെ ഫീസായി വാങ്ങി. 10 ദിവസം മുതൽ ഒരുമാസം വരെയുള്ള കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ചെന്നൈയിലെ സ്ഥാപനത്തിന്റെ പേരിലും മറ്റു സ്ഥാപനങ്ങളുടെ പേരിലും വ്യാജ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും നൽകുകയും ചെയ്തു.
കോഴിക്കോട് സ്വദേശിയായ വിദ്യാർഥിയുടെ പരാതിയിലാണ് അറസ്റ്റ്. വിദ്യാർഥികളുടെ കൈയിൽ നിന്ന് പ്രതി വാങ്ങിവച്ചിരുന്ന പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പോലീസ് പിടിച്ചെടുത്തു. എൻഐഎസഇടി എന്ന പേരിൽ പ്രതി നടത്തിവന്നിരുന്ന സ്ഥാപനം ഇപ്പോൾ പേരുമാറ്റി ക്യുഎച്ച്എസ്ഇ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിലാണ് നടത്തിവരുന്നത്.
ഭാരത് സേവക് സമാജിന്റെ അംഗീകാരമുള്ള ഹെൽത്ത് ആൻഡ് സേഫ്ടി ഡിപ്ലോമയും ബ്രിട്ടീഷ് സേഫ്റ്റി കൗണ്സിലിന്റെ അംഗീകാരമുള്ള നെബോഷ് എന്ന സേഫ്റ്റി കോഴ്സും നടത്തുന്നുവെന്നും തിരുവനന്തപുരത്തുള്ള നാഷണൽ സെന്റർ ഫോർ ലേബർ ആൻഡ് ലേണിംഗ് എന്ന കേരള സർക്കാരിന്റെ അപ്രൂവ്ഡ് ട്രെയിനിംഗ് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പ്രതി വിദ്യാർഥികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
നാഷണൽ സെന്റർ ഫോർ ലേബർ ആൻഡ് ലേണിംഗ് എന്ന സ്ഥാപനത്തെപ്പറ്റി പോലീസ് നടത്തിയ അന്വേഷണത്തിൽ അതൊരു സർക്കാരിതര ഓർഗനൈസേഷൻ ആണെന്നും ടെക്നിക്കൽ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് നൽകാനുള്ള യോഗ്യത ഇല്ലെന്നും അറിവായതെന്നും പോലീസ് പറഞ്ഞു.
പ്രതി ഇത്തരത്തിൽ വേറെ സ്ഥാപനം നടത്തുന്നുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ബിഎസ്എസ് സ്കിൽ മിഷൻ, ബിഎസ്എസ് എജ്യൂക്കേറ്റർ മുഖേന നൽകുന്ന സർട്ടിഫിക്കറ്റുകൾ ബിഎസ്എസ് ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ ആണെന്ന് ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വിദ്യാർഥികൾക്ക് നൽകിയിരുന്നത്. പ്രസ്തുത സർട്ടിഫിക്കറ്റുകളുമായി വിദ്യാർഥികൾ സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്ക് ശ്രമിച്ചപ്പോഴാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് മനസിലാകുന്നത്.
എറണാകുളം അസി. കമ്മീഷണർ കെ. ലാൽജിയുടെ മേൽനോട്ടത്തിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എസ്. സനൽ, അസി. സബ് ഇൻസ്പെക്ടർ സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർ ജയകുമാർ, സി.പി.ഒ മാഹിൻ, രാജേഷ്, വനിത സിവിൽ പോലീസ് ഓഫിസർ ഫാത്തിമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.