മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെയിടയില്‍ തരംഗമായ പരിപാടിയാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്. കഴിവും അറിവുമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടനും നിലവില്‍ എംപിയുമായ സുരേഷ് ഗോപി നടത്തി വന്ന ഷോ. വലിയ വിവാദങ്ങളൊന്നുമുണ്ടാക്കാതെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും സ്വീകാര്യമായ രീതിയില്‍ കടന്നുപോയ ഒരു ഷോ.
എന്നാല്‍ ഇപ്പോഴിതാ അതിനെതിരെയും പരാതിയുമായി സ്ത്രീ രംഗത്തെത്തിയിരിക്കുന്നു. 2017 മാര്‍ച്ചില്‍ കോടീശ്വരന് പരിപാടിയില്‍ പങ്കെടുക്കവെ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത, സഹായം (2017 മാര്‍ച്ചിലെ എംപി ശമ്പളം) ഇതുവരെയും ലഭിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി പരിഭവം പങ്കുവച്ചിരിക്കുന്നത്.
അന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്ത സഹായം കിട്ടി ബോധിച്ചു എന്ന് ആരും തെറ്റിദ്ധരിക്കരുത്. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും ഇതുവരെയും അതേക്കുറിച്ച് യാതൊരു വിവരവും ഇല്ല എന്നാണ് സൗമില നജിം എന്ന യുവതി പറയുന്നത്. ‘പാലിക്കപ്പെടാതെ പോയ വാക്കുകള്‍ക്ക് ഇന്ന് രണ്ടാം വാര്‍ഷികം. വാഗ്ദാനങ്ങളില്‍ വശംവതരാകാതിരിക്കുക’ എന്നാണ് സൗമില പറയുന്നത്. സോഷ്യല്‍മീഡിയയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്.