നിയാസ് മുസ്തഫ
മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യത്തിൽ അസ്വസ്ഥത സൃഷ്ടിച്ച് ചെറുകക്ഷികൾ. കൂടുതൽ സീറ്റുകൾ ചെറുകക്ഷികൾ ആവശ്യപ്പെടുന്നത് കോൺഗ്രസിനും എൻസിപിക്കും ഒരു പോലെ തലവേദനയായി. ഏറ്റവും ഒടുവിൽ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന(എംഎൻഎസ്) സഖ്യത്തിന്റെ ഭാഗമാകാൻ മുന്നോട്ടുവന്നതാണ് സീറ്റു വിഭജനത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
എംഎൻഎസിനെ സഖ്യത്തിലെടുക്കാൻ എൻസിപിക്കാണ് കൂടുതൽ താല്പര്യം. കോൺഗ്രസിന് അത്ര താല്പര്യമില്ല. കാരണം എംഎൻഎസ് വർഗീയ പാർട്ടിയാണെന്നാണ് കോൺഗ്രസിന്റെ നിലപാട്. എങ്കിലും ബിജെപി-ശിവസേന സഖ്യത്തെ തോൽപ്പിക്കുക എന്ന ലക്ഷ്യമുള്ളതിനാൽ എംഎൻഎസുമായി സഖ്യം ചേരുന്നതിൽ കുഴപ്പമില്ലായെന്ന നിലപാടിലേക്ക് കോൺഗ്രസ് ഇപ്പോഴെത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിൽ 48 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതിൽ മൂന്നു സീറ്റുകളാണ് രാജ് താക്കറെ ചോദിച്ചിരിക്കുന്നത്.
നേരത്തെ എൻഡിഎയുടെ ഭാഗമായിരുന്നു എംഎൻഎസ്. നോർത്ത് ഈസ്റ്റ് മുംബൈ, താനെ, ദിണ്ഡോരി സീറ്റുകളാണ് എംഎൻഎസ് ആവശ്യപ്പെട്ട സീറ്റുകൾ. ഈ മൂന്നു സീറ്റുകളിൽ നോർത്ത് ഈസ്റ്റ് മുംബൈ, ദിണ്ഡോരി സീറ്റുകൾ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്. താനെ ശിവസേനയുടെ സീറ്റാണ്.
അതുകൊണ്ടു തന്നെ എംഎൻഎസിന് ഈ മൂന്നു സീറ്റുകൾ നൽകിയാലും കുഴപ്പമില്ലായെന്ന് എൻസിപി പറയുന്നു. പക്ഷേ കോൺഗ്രസ് എൻസിപിയുടെ ഈ ആവശ്യത്തോട് വഴങ്ങുന്നില്ല. ഈ സീറ്റുകളിൽ കോൺഗ്രസാണ് മത്സരിച്ചു വരുന്നത്.
കഴിഞ്ഞ ദിവസം രാഹുൽഗാന്ധിയുടെ നിർദേശ പ്രകാരം കോൺ ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ രാജ് താക്കറെയുമായി 20മിനിട്ടോളം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മൂന്നു സീറ്റുകൾ വിട്ടുതരാനാവില്ലെന്ന് അറിയിക്കുക ആയിരുന്നു ലക്ഷ്യം. എന്നാൽ രണ്ടു സീറ്റ് എംഎൻഎസിനു വിട്ടു നൽകണമെന്നാണ് എൻസിപി കോൺഗ്ര സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതോടൊപ്പം ആറ് സീറ്റുകളിൽ എൻസിപിയും കോൺഗ്രസും തമ്മിൽ പ്രശ്നമുണ്ട്. അഹമ്മദ് നഗർ, ഒൗറംഗബാദ്, ബുൽദാന, നന്ദുർബാർ, രത്നഗിരി സിന്ധുദർഗ്, റാവർ സീറ്റുകളിലാണ് ഭിന്നതയുള്ളത്. ഇതിൽ ഒൗറംഗബാദ്, നന്ദുർബാർ, രത്നഗിരി സിന്ധുദർഗ് മണ്ഡലങ്ങൾ കോണ്ഗ്രസിന് നൽകാമെന്ന് എൻസിപി ഭാഗി കമായി സമ്മതിച്ചിട്ടുണ്ട്. മൂന്നു സീറ്റിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നു.
2014ൽ എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ കൂടെ നിന്ന പ്രകാശ് അംബേദ്കർ ഇത്തവണ ഇടഞ്ഞു നിൽക്കുകയാണ്. 2014ൽ അകോലയിൽ നിന്ന് മത്സരിച്ച അംബേദ്കർ പരാജയപ്പെട്ടിരുന്നു. 12 സീറ്റുകളാണ് അവർ ഇത്തവണ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു സീറ്റിൽ പോലും വിജയസാധ്യത ഇല്ലാത്ത പാർട്ടിക്ക് എങ്ങനെ 12 സീറ്റ് നൽകാനാവുമെന്നാണ് കോൺഗ്രസും എൻസിപിയും ചോദിക്കുന്നത്. 12 തരില്ല, നാലു സീറ്റുകൾ നൽകാമെന്ന് അംബേദ്കറെ അറിയിച്ചിട്ടുണ്ട്.
സ്വാഭിമാനി ഷെത്കാരിയുടെ നേതാവായ രാജു ഷെട്ടിയും രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സീറ്റ് നൽകാമെന്നാണ് കോണ്ഗ്രസ് അറിയിച്ചിരിക്കുന്നത്. എൻഡിഎയിൽ നിന്ന് തെറ്റിയാണ് ഷെട്ടി എൻസിപി-കോൺഗ്രസ് സഖ്യത്തിലെത്തിയിരിക്കുന്നത്. സിപിഎം ദിണ്ഡോരി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം സമാജ് വാദി പാർട്ടിയും ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സമാജ് വാദി പാർട്ടിക്ക് മഹാരാഷ്ട്രയിൽ വലിയ സ്വാധീനമില്ല. അതുകൊണ്ട് അവർക്ക് സീറ്റു നൽകുന്ന കാര്യം സംശയമാണ്.
ആകെയുള്ള 48സീറ്റുകളിൽ 24 സീറ്റുകൾ വീതം എൻസിപിയും കോൺഗ്രസും വീതിച്ചെടുക്കണമെന്നാണ് ശരത് പവാറിന്റെ തീരുമാനം. മറ്റുള്ള പാർട്ടികൾക്ക് എൻസിപിയും കോൺഗ്രസും തങ്ങളുടെ സീറ്റ് വീതത്തിൽനിന്ന് ഒരുപോലെ വീതിച്ചു നൽകണം. എന്നാൽ കോൺഗ്രസ് ഇത് അംഗീകരിക്കുന്നില്ല. 2014ലെ ഫോർമുല 2019ലും തുടരണമെന്നാണ് കോൺഗ്രസ് തീരുമാനം.
2014ൽ കോൺഗ്രസ് 26 സീറ്റിലും എൻസിപി 21 സീറ്റിലും മത്സരിച്ചു. പ്രകാശ് അംബേദ്കറുടെ ബരിപ ബഹുജൻ മഹാസംഘിന് ഒരു സീറ്റും നൽകി. അതേസമയം, എൻസിപി-കോൺഗ്രസ് സഖ്യത്തിലെ സീറ്റു വിഭജനചർച്ചകളിൽ പ്രശ്നങ്ങൾ ഉടലെടുത്തത് ശിവസേന-ബിജെപി സഖ്യത്തെ സന്തോഷിപ്പിക്കുന്നുണ്ട്. എൻസിപിയും കോൺഗ്രസും സീറ്റു വിഭജന ചർച്ചകളിൽ യോജിപ്പിലെത്താതെ ഒറ്റയ്ക്കു മത്സരിക്കണമെന്നാണ് അവരുടെ ആഗ്രഹം.
അങ്ങനെ വന്നാൽ മഹാരാഷ്ട്ര തൂത്തുവാരാമെന്ന് അവർ കണക്കു കൂട്ടുന്നു. എന്നാൽ അങ്ങനെയൊരു അവസ്ഥ ഉണ്ടാവരുതെന്ന് രാഹുൽഗാന്ധിക്കും ശരത് പവാറിനും നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ സീറ്റു വിഭജനം രമ്യമായി പരിഹരിക്കാനാവുമെന്നു തന്നെയാണ് ഇരുനേതാക്കളുടെ പ്രതീക്ഷ.