കുമളി: 17കാരിയുമായി 23 ദിവസം ഇലവീഴാപൂഞ്ചിറയിലെ വനത്തില്‍ കഴിഞ്ഞ ടാര്സന് അപ്പു എന്നറിയിപ്പെടുന്ന ജോര്‍ജ്ജ് എന്ന ഇരുപത്തിയൊന്നുകാരന് ഒരുവയസ്സുള്ള കുട്ടിയുടെ പിതാവ്. കുമളി സ്വദേശിനിയായ 17 കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പിതാവ് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാട്ടില്‍ ഒപ്പം കഴിഞ്ഞ 17കാരി അപ്പുവിനെ തള്ളിപ്പറഞ്ഞതോടെ ടാര്സന് ഇനി കുറേക്കാലം ജയിലില്‍ കഴിയുകയും ചെയ്യാം. പോക്സോ കേസ് ആയതുകൊണ്ടാണ് ഇത്.
കുട്ടിയുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിനായി സ്വന്തം വീട്ടില്‍ കഴിയുന്ന കുട്ടിയുടെ അമ്മ ജോര്‍ജ്ജിനെ വിളിച്ചിരുന്നെന്നും എത്താമെന്ന് ജോര്‍ജ്ജ് ഇവര്‍ക്ക് ഉറപ്പുനല്കിയിരുന്നെന്നും പോലീസ് പറയുന്നു. എന്നാല്‍ രണ്ടുദിവസം മുമ്പെ ഇയാള്‍ കാമുകിയുമായി കാടുകയറുകയായിരുന്നു. മുട്ടം കോളപ്ര ഭാഗത്താണ് കുട്ടിയുടെ മാതാവ് താമസിക്കുന്നതെന്നും ഇവര്‍ക്ക് ജോര്‍ജ്ജിനേക്കാള്‍ പ്രായമുണ്ടെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ ജോര്‍ജ്ജിനെതിരെ ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയും കേസ് ചാര്‍ജ്ജ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വിഷയം കോടതിയിലെത്തുകയും ചെയ്തിരുന്നു.
ഗര്‍ഭിണിയായ യുവതിയെ താന്‍ സംരക്ഷിച്ചോളാം എന്ന് ജോര്‍ജ്ജ് കോടതിയില്‍ സമ്മതിച്ചെന്നും തുടര്‍ന്ന് കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നുമാണ് ലഭ്യമായ വിവരം. ജോര്‍ജ്ജ് ആറു മാസത്തോളം തന്റെ മേലുകാവിലെ വീട്ടില്‍ നിര്‍ത്തി സംരക്ഷിച്ചെന്നും തുടര്‍ന്ന് ഇവിടെക്കഴിയാന്‍ പറ്റാത്ത സാഹചര്യത്തില്‍ സ്വന്തം വീട്ടിലേയ്ക്ക് താമസം മാറുകയായിരുന്നെന്നും യുവതി പൊലീസ് സംഘത്തോട് വിശദീകരിച്ചതായിട്ടാണ് അറിയുന്നത്. കാട്ടില്‍ക്കയറിയ ഇയാള്‍ ഈ യുവതിയെത്തേടിയെത്താന് സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലില്‍ ഇവരുടെ വീടിന് സമീപം ദിവസങ്ങളോളം മഫ്തിയില്‍ പൊലീസ് കാവലുണ്ടായിരുന്നു.
ഇതിനിടെ നിരവധി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ജോര്‍ജ്ജ് പാട്ടിലാക്കിയിരുന്നെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഇയാള്‍ പെണ്‍കുട്ടികളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. 17 വയസ്സില്‍ താഴെയുള്ള പെണ്മക്കളെ ഫേസ്ബുക്കിലെ ഇയാളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള നിരവധി പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പൊലീസിനെ സമീപിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. കുമളിയിലെ പെണ്‍കുട്ടിക്ക് തങ്ങള്‍ ഫോണ്‍വാങ്ങി നല്കിയിരുന്നില്ലന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. പെണ്‍കുട്ടിയെ ജോര്‍ജ്ജ് ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് പൊലീസിന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വിവരം ലഭിച്ചിരുന്നു.
തെളിവെടുപ്പിനിടെ ചോദിച്ചപ്പോള്‍ ഫോണ്‍ കാട്ടില്‍ ഉപേക്ഷിച്ചെന്നായിരുന്നു പെണ്‍കുട്ടി പോലീസില്‍ അറിയിച്ചത്.ബൈക്കില്‍ കറങ്ങിവരാമെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ ജോര്‍ജ്ജ് കുമളിയില്‍ നിന്നും കൂട്ടിക്കൊണ്ടുവന്നതെന്നും പിന്നീട് രക്ഷപെടാന്‍ മാര്‍ഗ്ഗമില്ലാതായതോടെ ഇയാള്‍ പറഞ്ഞതൊക്കെ അനുസരിച്ചെന്നുമാണ് ഇപ്പോള്‍ പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിട്ടുള്ളത്. കാട്ടില്കഴിഞ്ഞതിനെത്തുടര്ന്നുള്ള മാനസീക വിഷമതകള്‍ നീക്കാന്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയുന്നു.
ഇതിനിടെ കാട്ടില്‍ തിരച്ചിലേര്പ്പെട്ടിരുന്നവര് തങ്ങള്‍ നേരിട്ട ദുരിതത്തിന്റെ നേര്‍സാക്ഷ്യവുമായി രംഗത്തെത്തി. കൂടിനീരോ ഭക്ഷണമോ ഇല്ലാതെ ദുര്‍ഘടമായ വഴികളും പാറക്കെട്ടുകളും മാറ്റും താണ്ടി നടത്തിയ തിരച്ചിലില്‍ അടിതെറ്റി വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ചിങ്ങവനം പൊലീസ് ചാര്‍ജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാര്‍ പൊലീസ് ചാര്‍ജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും ജാമ്യം നേടിയാണ് അപ്പു നാട്ടുകാര്‍ക്കിടയില്‍ വിലസിയിരുന്നത്. മേലുകാവിലെ മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തിലെ സഹായി എന്ന നിലയിലാണ് അടുത്തകാലത്ത് അപ്പു നാട്ടില്‍ അറിയപ്പെട്ടിരുന്നത്. അടയ്ക്ക വ്യാപാര രംഗത്ത് സജീവമായിരുന്ന വ്യാപാരി കവുങ്ങുകയറ്റത്തിനായി അപ്പുവിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരം. തെങ്ങിലും കവുങ്ങിലുമൊക്കെ കയറാന്‍ അതിവിദഗ്ധനായ അപ്പുവിന് ടാര്‍സന്റെ മെയ്വഴക്കമുണ്ടെന്നാണ് പൊലീസും നാട്ടുകാരും വ്യക്തമാക്കുന്നത്.
ചിങ്ങവനം സ്വദേശിയായ പ്രാപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ആറു മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസിന് അപ്പുവിനെ കയ്യില്‍കിട്ടുന്നത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പൊലീസ് സംഘം വീടാകെ തിരഞ്ഞെങ്കിലും അപ്പുവിനെ കണ്ടുകിട്ടിയില്ല. കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കും പോലെ പൊലീസുകാരിലൊരാള്‍ മുറ്റത്തുനിന്ന തെങ്ങിന്റെ മണ്ടയിലേക്ക് ടോര്‍ച്ച് വെട്ടം പായിച്ചതാണ് അപ്പുകുടുങ്ങാന് കാരണം. ടോര്‍ച്ച് വെട്ടത്തില്‍ തെങ്ങിന് മുകളില്‍ ഒളിച്ചിരുന്ന ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു.തുടര്‍ന്ന് താഴെ എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളായിരുന്നു അപ്പുവിന്റെ പ്രധാന ഇരകള്‍. എന്തായാലും ചുമത്തിയിരിക്കുന്നത് പോക്സോ കേസ് ആയതിനാല്‍ ഇയാള്‍ക്ക് കുറേക്കാലം ജയിലില്‍ കഴിയാം.