മട്ടന്നൂർ: വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്, കൊല്ലം, തൃശൂർ സ്വദേശികളാണ് പോലീസ് പിടിയിലായത്. ഇന്നലെ വൈകുന്നേരം മട്ടന്നൂർ – അഞ്ചരക്കണ്ടി വിമാനത്താവള റോഡിൽ വച്ചാണ് സംഘം പിടിയിലാകുന്നത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലാൽ എസ്.കൃഷ്ണ (21), തൃശൂർ സ്വദേശി സി.ജെ. ജിന്റോ (21), തിരുനെൽവേലി സ്വദേശി ശക്തിവേൽ (23) എന്നിവരെയാണ് മട്ടന്നൂർ എസ്ഐ ശിവൻ ചോടത്തും സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്. കല്ലേരിക്കര സ്കൂളിനു സമീപത്തെ ശങ്കരന്റെ വീട്ടിലാണ് മോഷണശ്രമമുണ്ടായത്. മോഷ്ടാക്കളിലൊരാൾ ബെഡ്റൂമിൽ കടന്നു കയറുകയായിരുന്നു.
അലമാര തുറക്കുന്ന ശബ്ദം കേട്ടെത്തിയ വീട്ടുകാർ യുവാവിനെ കാണുകയും വീട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
പഴയ സാധനങ്ങൾ എടുക്കാനെന്ന വ്യാജേന വീട്ടിലെത്തുന്ന സംഘം വീട്ടുകാരുടെ കണ്ണുവെട്ടിച്ചു പിൻഭാഗത്തുകൂടി വീട്ടിനുള്ളിൽ കയറി മോഷണം നടത്തുന്നതായുള്ള വിവരം പോലീസിനു ലഭിച്ചിരുന്നു. പിടിയിലായ ഒരാൾ മറ്റ് മൂന്ന് മോഷണക്കേസിൽ പ്രതിയാണെന്നും മറ്റുള്ളവരെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നന്നും പോലീസ് അറിയിച്ചു.