പത്തനംതിട്ട: പ്രളയത്തെ തുടർന്ന് ആറന്മുള പഞ്ചായത്തിലെ മണ്ണിന് രാസപരമായ മാറ്റം സംഭവിച്ചതായി പഠനം. തെങ്ങ്, റബർ, മാംഗോസ്റ്റീൻ എന്നിവയ്ക്കല്ലാതെ പച്ചക്കറി, ഇതരവിളകൾ എന്നിവയ്ക്ക് ആറന്മുളയിലെ ഇപ്പോഴത്തെ മണ്ണ് പറ്റിയതല്ലെന്ന് പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂൾ സയൻസ് വിഭാഗം പ്ളസ് വണ്‍ വിദ്യാർഥികളായ ഹേമന്ദ് അലക്സ് തോമസ്, നന്ദു കൃഷ്ണ എന്നിവർ നടത്തിയ പഠനത്തിൽ കണ്ടെത്തി.
തലശേരി ബ്രണ്ണൻ കോളജിൽ നടന്ന സംസ്ഥാന സയൻസ് കോണ്‍ഗ്രസിൽ ഇവർ അവതരിപ്പിച്ച പ്രോജക്ടിന് രണ്ടാം സ്ഥാനം ലഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും രണ്ടു ടീമുകൾ സയൻസ് കോണ്‍ഗ്രസിൽ പ്രളയം അടിസ്ഥാനമാക്കി വിവിധ പ്രോജക്ടുകൾ അവതരിപ്പിച്ചിരുന്നു.
ആറൻമുള പഞ്ചായത്തിലെ കൃഷി ഭൂമിയിലെ മണ്ണ് ശേഖരിച്ച് ദിവസങ്ങൾ നീണ്ട പഠനമാണ് ഹേമന്ദും നന്ദുവും നടത്തിയത്.പ്രളയത്തിൽ പന്പാ നദിയിലൂടെ കുത്തിയൊഴുകി ആറന്മുളയിലെ മേൽമണ്ണ് ഒലിച്ചു പോയി. കൃഷിക്കനുയോജ്യമായ മണ്ണിന്റെ അമ്ലഗുണം നഷ്ടമായി. പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ, കുരുമളക്, വാഴ, ചീനി എന്നിവയ്ക്ക് മണ്ണിന്റെ രാസഘടന അനുയോജ്യമല്ലാതായി.
റബർ, തെങ്ങ്, മാംഗോസ്റ്റീൻ എന്നിവ കൃഷി ചെയ്യാൻ പറ്റിയതാണ് ഇപ്പോഴത്തെ മണ്ണിന്റെ ഘടനയെന്ന് പഠനത്തിൽ പറയുന്നു.പഠനത്തിന്റെ ഭാഗമായി ആറൻമുളയിലെ കർഷകർ, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി വിദ്യാർഥികൾ കൂടിക്കാഴ്ച നടത്തിയിരുന്നു.
തെളളിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. റിൻസി കെ. എബ്രഹാം പഠനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകി. മാർത്തോമ്മാ സ്കൂൾ പ്രൻസിപ്പൽ എം. ജോസ് പോൾ, അധ്യാപകരായ മീന എലിസബത്ത് മത്തായി, സൂസൻ മാത്യു,സിജി മാത്യു, ജയ എലിസബത്ത് തോമസ് തുടങ്ങിയവർ സഹായിച്ചു.