നെല്ലായി: പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂർ പ്രദേശത്തെ കാർഷികാവശ്യങ്ങൾക്കായി ജലസേചന സൗകര്യത്തിനുള്ള പദ്ധതി പൂർത്തിയായി.ആലത്തൂർ കാരക്കാട്ട് കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയാണ് നിർമാണം പൂർത്തിയായത്.പ്രദേശത്തെ കർഷകരുടെ അരനൂറ്റാണ്ടിലേറെ കാലമായുള്ള കാത്തിരിപ്പിനാണ് ഇതോടെ ആശ്വാസമാകുന്നത്.
കാർഷിക ഗ്രാമമായ ആലത്തൂരിൽ വേനലിൽ കടുത്ത ജലക്ഷാമം രൂക്ഷമായതോടെയാണ് ജലസേചന പദ്ധതി ആവിഷ്കരിച്ചത്.1965ൽ ഇതിനായുള്ള പ്രാരംഭ പ്രവർത്തികൾ ആരംഭിക്കുകയും, പിന്നീട് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതോടെ കാരക്കാട്ട് കടവിൽ മോട്ടോർ ഷെഡും സ്ഥാപിച്ചു.എന്നാൽ സാങ്കേതിക കാരണങ്ങളാൽ പദ്ധതി പൂർത്തീകരിക്കാൻ വൈകി.
വിവിധ തദ്ദേശ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി തുക അനുവദിച്ചെങ്കിലും പൈപ്പ് ലൈൻ നിർമാണം പൂർത്തിയായില്ല. തുടർന്ന് പറപ്പൂക്കര പഞ്ചായത്ത് 19 ലക്ഷവും, എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷവും ചെലവിട്ടാണ് പൈപ്പ് ലൈൻ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
വിവിധ ഘട്ടങ്ങളിലായി ഒരു കോടിയോളം രൂപയാണ് ഈ പദ്ധതിയ്ക്കായി ചിലവഴിച്ചത്.1500 മീറ്റർ നീളത്തിൽ മെയിൻ പൈപ്പ് ലൈൻ പൂർത്തിയാക്കിയാണ് പദ്ധതി സജ്ജമാക്കിയിട്ടുള്ളത്. കൊടകര ബ്ലാച്ചിറ തോടിൽ നിന്ന് കൊണിക്കചിറയിലൂടെ വരുന്ന വെള്ളവും മാഞാങ്കുഴി ഡാമിൽ നിന്ന് പറപ്പൂക്കര പറാത്തോട് വഴി വരുന്ന വെള്ളവുമാണ് ജലസേചനത്തിന് പ്രയോജനപ്പെടുത്തുക.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആലത്തൂരിലെ കർഷകകുടുംബങ്ങൾക്ക് ആശ്വാസമാകും. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 10ന് ആലത്തൂർ എ.എൽ.പി.സ്കൂളിൽ നടക്കും.മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിയ്ക്കുമെന്ന് പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.ു