എന്ത് ചെയ്യുമെന്ന് ഇപ്പോള്‍ മനസിലായോ? കുട്ടികളുടെ മുന്നില്‍ വച്ച് മാതാപിതാക്കളെ അപമാനിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു; ഈ നടപടി അത്യാവശ്യമെന്ന് സോഷ്യല്‍മീഡിയ

കുട്ടിയുടെ പഠനകാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനായി സ്‌കൂളിലെത്തിയ അമ്മയെ അപമാനിച്ചും അധിക്ഷേപിച്ചും സംസാരിച്ച അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ബുക്ക് വാങ്ങാത്തതിന് സ്‌കൂളില്‍ വിളിച്ചു വരുത്തി അപമാനിച്ച സംഭവം സോഷ്യല്‍മീഡിയയിലൂടെ വൈറലായതിനെ തുടര്‍ന്നാണ് വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

അധ്യാപകരില്‍ നിന്നുണ്ടായ നടപടികളെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വാളകം പള്ളിത്താഴത്ത് കുടിലില്‍ വീട്ടില്‍ ഡോളി ബെന്നിയെയും (43) മകനും ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായ വിന്‍സ് ബെന്നിയെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

പ്രിന്‍സിപ്പലും പ്രധാന അധ്യാപികയും ചേര്‍ന്ന് രൂക്ഷമായ ഭാഷയില്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തന്ന ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ പ്രിന്‍സിപ്പലിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെങ്കിലും ഇയാള്‍ വീണ്ടും ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്.

വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂളിലാണ് ഇംഗ്ലീഷ് പുസ്തകം കൊണ്ടുവരാത്തതിന്റെ പേരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ വിന്‍സ് ബെന്നിയെയും മാധവ മോഹന്‍രാജിനെയും പ്രിന്‍സിപ്പല്‍ ക്ലാസിനു പുറത്തു നിര്‍ത്തിയത്. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ച് ഉടന്‍ സ്‌കൂളിലെത്തണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ അധിക്ഷേപമായിരുന്നു. ഇവര്‍ തന്നെയാണ് സംഭവങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയതും.

Related posts