ചിറ്റൂർ: വീതികുറഞ്ഞ ആശുപത്രി ജംഗ്ഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗതതടസം രൂക്ഷം. വ്യാപാര, ധനകാര്യ സ്ഥാപനങ്ങളിലേക്കെത്തുന്നവരുടെ വാഹനങ്ങൾ റോഡിൽ നിർത്തി ദീഘർനേരം കഴിഞ്ഞാണ് തിരിച്ചുപോകുന്നത്. ഗതാഗതക്കുരുക്കിൽ ആംബുലൻസിൽ കൊണ്ടുപോകുന്ന രോഗികളും പെടാറുണ്ട്.
നല്ലേപ്പിള്ളി, കച്ചേരിമേട്, അണിക്കോട് എന്നിവിടങ്ങളിൽനിന്നും വരുന്ന പാതകൾ ഒന്നിക്കുന്നത് ആശുപത്രി ജംഗ്ഷനിലാണ്.കടകളുടെ മറവും നല്ലേപ്പിള്ളി ഭാഗത്തുനിന്നുള്ള പാത എൽ ആകൃതിയിലുള്ള വളവുമുള്ളതിനാൽ നിർത്തിയിട്ട വാഹനങ്ങൾ ദൂരെനിന്നും വരുന്നവർക്ക് കാണാനാകില്ല.
ആശുപത്രി ജംഗ്ഷനിലെത്തുന്പോൾ നിർത്തിയിട്ട വാഹനങ്ങൾക്കണ്ട് പെട്ടെന്നു വെട്ടിക്കുന്നതും അപകടമുണ്ടാക്കുന്നു. മുന്‍പ് നിയന്ത്രണംവിട്ട സ്വകാര്യ ബസ് പാഞ്ഞുവന്ന് താലൂക്ക് ആശുപത്രിക്കു മുന്നിൽബസിനു കാത്തിരുന്നവരുടെ ഇടയിലേക്കു കയറി രണ്ടുപേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അണിക്കോടു ഭാഗത്തേക്കു പോകുന്ന ബസുകൾ നിർത്തുന്നതും ഇവിടെയാണ്. നൂറുമീറ്റർ അകലെ പോലീസ് സ്റ്റേഷനുണ്ടായിട്ടും അനധികൃത പാർക്കിംഗിനെതിരേ പോലീസ് മൗനം പാലിക്കുകയാണ്.മുന്‍പ് ആശുപത്രി ജംഗ്ഷനിൽ ഹോംഗാർഡിനെ നിയോഗിച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു.
സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും പ്രവർത്തനസജ്ജമായിട്ടില്ല. നിലവിൽ ഇവിടെ പരസ്യബോർഡുകളാണ് നിലകൊള്ളുന്നത്.