എണ്ണമറ്റ ചിത്രങ്ങളിലൂടെ തങ്ങളെ ആവോളം രസിപ്പിച്ച ശ്രീനിവാസനെ അനാരോഗ്യത്തുടര്ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്തയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍ കേട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്ന വാര്‍ത്ത ആശ്വാസമായി പുറത്തെത്തുകയും ചെയ്തു.
ശ്വാസതടസവും നെഞ്ചുവേദനയും കാരണമാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവസ്ഥയെക്കുറിച്ചും ആശുപത്രിയില്‍ വച്ച് കണ്ട കാര്യങ്ങളും പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ ശ്രീനിവാസന്റെ ആത്മാര്‍ത്ഥ സുഹൃത്തും സംവിധായകനുമായ സത്യന് അന്തിക്കാട്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് സത്യന് അന്തിക്കാട് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
‘ശ്രീനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. വെള്ളത്തില്‍ ഒരാളെ മുക്കിപ്പിടിച്ചാലുള്ള അവസ്ഥയായിരുന്നെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ത്തന്നെ വെന്റിലേറ്ററിലാക്കി. കണ്ടപ്പോള്‍ എനിക്ക് വിഷമമായി. എന്നാല്‍ പേടിക്കാനൊന്നുമില്ല, സപ്പോര്‍ട്ടിനുവേണ്ടിയാണ് വെന്റിലേറ്ററെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു’. ഇന്നലെ രാവിലെ താന്‍ കാണാന്‍ ചെന്നപ്പോള്‍ വെന്റിലേറ്റര്‍ മാറ്റിയിരുന്നെന്നും ശ്രീനിവാസനുമായി സംസാരിച്ചെന്നും സത്യന് അന്തിക്കാട് പറയുന്നു.
‘ഞാന്‍ ശ്രീനിയോട് പറഞ്ഞു, നിങ്ങള്‍ അസുഖ കിടക്കയില്‍ നിന്ന് ഇറങ്ങിവന്ന് ആദ്യം എഴുതുന്ന തിരക്കഥ ഹിറ്റ് ആവാറുണ്ട്. ഞാന്‍ പ്രകാശന്റെ തിരക്കഥ എഴുതുന്നതിന് തൊട്ടുമുന്‍പും ഇതുപോലെ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. അതുകൊണ്ട് ഉടന്‍ തന്നെ അടുത്ത സിനിമയ്ക്കുള്ള തിരക്കഥ ആലോചിക്കെന്ന്’.
താനും അതുതന്നെയാണ് ആലോചിക്കുന്നതെന്ന് ശ്രീനിവാസന് മറുപടി നല്‍കിയതായും സത്യന് അന്തിക്കാട് പറഞ്ഞു. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയാണുള്ളതെന്നും ഐസിയുവില്‍ നിന്ന് മാറ്റാത്തത് സന്ദര്‍ശകരെ കുറയ്ക്കാന്‍ വേണ്ടിയാണെന്നും സത്യന് അന്തിക്കാട് പറഞ്ഞു.