പുനലൂർ :പ്രവർത്തനമികവിൽ പുനലൂർ നഗരസഭയ്ക്ക് ഐ എസ് ഓ അംഗീകാരം. ഇൻറർനാഷണൽ സ്റ്റാന്റേർഡ് ഓർഗനൈസേഷൻ സർട്ടിഫിക്കറ്റ് നാലിന് ജില്ലാ കളക്ടർ ഡോ .എസ് കാർത്തികേയൻ മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാലിന് കൈമാറും.
സംസ്ഥാന സർക്കാർ നടപ്പാക്കിയ സേവനാവകാശ നിയമത്തിൽ സേവന ഗുണമേന്മയ്ക്ക് മുഖ്യ പ്രാധാന്യമാണ് ഉള്ളത്.അതിനായി പുനലൂർ നഗരസഭാ ഓഫീസിനെ കൂടുതൽ ജനസൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾ വിജയം കണ്ടു.നഗരസഭാ ഓഫീസിന്റെ പ്രവർത്തന അന്തരീക്ഷവും ജീവനക്കാരുടെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് വിലയിരുത്താൻ സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസി കൃത്യമായ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് പുനലൂരിന് ഐ എസ് ഓഅംഗീകാരം ലഭ്യമായതായി അറിയിച്ചിരിക്കുന്നത്.നഗരസഭാ ഓഫീസ് പൂർണമായി കമ്പ്യൂട്ടർവത്ക്കരിച്ചിട്ടുണ്ട്. ഓഫീസും നവീകരിച്ചു. കൂടുതൽ പൊതു ജന സൗഹൃദ ഓഫീസായി ഇവിടം മാറി.റക്കോഡ് റൂം സജ്ജമാക്കി.
അപേക്ഷകരെ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്ന സംവിധാനം കർശനമാക്കി. മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ കാര്യക്ഷമമാക്കി. ഇതെല്ലാം ഐ എസ് ഓ നേട്ടത്തിന് കരുത്തേകി.ഇത് സാധ്യമാക്കാൻ പ്രയത്നിച്ച നഗരസഭാജീവനക്കാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരോട് നന്ദി അറിയിക്കുന്നു എന്നും ചെയർമാൻ എം എ രാജഗോപാൽ അറിയിച്ചു.