കോഴിക്കോട്: വിഘ്നങ്ങള്‍ തീര്‍ക്കാന്‍ ഗണപതി ഹോമവും കുടുംബത്തിന്റെ ഐശ്യര്വത്തിനായി ഐശ്വര്യപൂജയും നടത്താനുള്ള രസീത് നല്കി വിശ്വാസികളില്‍ നിന്ന് വ്യാപക തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍ . എറണാകുളം പനമ്പള്ളിനഗറിലെ പനമ്പള്ളി അപ്പാര്‍ട്ട്മെന്റ് 23/303 -ലെ താമസക്കാരനായ വി.രാമചന്ദ്രന്(62) ആണ് പിടിയിലായത്. കോഴിക്കോട് പാളയം ഭാഗത്ത് നിന്നാണ് കസബ എസ്ഐ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
തട്ടിപ്പിനായുള്ള രസീത് ബുക്കുമായി പാളയത്തെത്തിയപ്പോഴായിരുന്നു പോലീസ് സംഘം ഇയാളെ വളഞ്ഞുപിടികൂടിയത്. തളി ശ്രീ മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വിശേഷാല്‍ മഹാഗണപതി ഹോമം നടക്കുന്നുവെന്ന പേരില്‍ നഗരത്തിലെ ഫ്ളാറ്റുകളില്‍ താമസിക്കുന്നവരെ ലക്ഷ്യമാക്കിയായിരുന്നു രാമചന്ദ്രന് പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്.
ഇതിനു പുറമേ ഐശ്വര്യത്തിനായും സന്താനഭാഗ്യത്തിനായും ,വിദ്യാര്‍ഥികളുടെ പഠനമെച്ചപ്പെടുത്താനായും,വിദേശത്തുള്ള ഭർത്താവിനായും വിവിധ തരം പൂജകള്‍ നടത്താനെന്ന പേരിലും തട്ടിപ്പ് നടത്തിയതായി പോലീസ് അറിയിച്ചു. നവജാതശിശുക്കളുടെ ഐശ്വര്യത്തിനായി പ്രത്യേക വിശേഷാൽ പൂജുമുണ്ട്. ഈ പൂജയുടെ പേരിൽ വൻതോതിൽ തട്ടിപ്പുനടത്തിയതായി കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് തട്ടിപ്പിനെ കുറിച്ചറിഞ്ഞ തളി ക്ഷേത്ര കമ്മിറ്റി കസബ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സൈബര്‍സെല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പരിശോധിച്ചതിലൂടെയാണ് പാളയത്ത് തന്നെയുള്ളതായി വിവരം ലഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.
മാന്യമായ വേഷം ധരിച്ചാണ് തട്ടിപ്പു വീരന് ഫ്ളാറ്റുകളില്‍ എത്തിയത്. ഹിന്ദു കുടുംബം താമസിക്കുന്ന ഫ്ളാറ്റുകളാണ് ഇയാള്‍ പണപ്പിരിവിന് തെരഞ്ഞെടുക്കുന്നത്. വീട്ടുകരോട് ക്ഷേത്രത്തിന്റെ ദേവസ്വം ഭരണ സമിതി അംഗമാണെന്നും വിശേഷാല്‍ ഗണപതിഹോമം നടക്കുന്നുണ്ടെന്നും പറയും.
തുടര്‍ന്ന് ഇവര്‍ നല്കുന്ന സംഭാവന സ്വീകരിച്ച് ക്ഷേത്രത്തില്‍ എത്തണമെന്ന് അഭ്യര്‍ത്ഥിച്ചാണ് മടങ്ങുന്നത്. പൊറ്റമ്മല്‍, തൊണ്ടയാട്, മാങ്കാവ് , ഈസ്റ്റ്ഹില്‍ ,ചാലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ഫ്ളാറ്റുകളില്‍ ചെന്നാണ് ഇയാള്‍ പണപ്പിരിവ് നടത്തിയത്. ആയിരം മുതൽ മുവായിരം രൂപവരെയുള്ള രസീതുബുക്കുകൾ ഇയാളിൽനിന്ന് പിടിച്ചെടുത്തു.