നിലന്പൂർ: വൈദ്യുതി ബോധവത്കരണത്തിനായി വൈദ്യുതി ബോർഡിലെ ജീവനക്കാരൻ മഹേഷിന്റെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. നിലന്പൂർ ഡിവിഷനിലെ അകന്പാടം വൈദ്യുതി സെക്ഷൻ ഓഫീസിന്റെ ചുമരുകളിലാണ് മഹേഷ് ചിത്രങ്ങൾ വരച്ചത്. ഇരുന്പുതോട്ടി ഉപയോഗിച്ചു വൈദ്യുതി കടന്നുപോകുന്ന ലൈനുകൾക്കു സമീപത്തു നിന്നു തേങ്ങയിടുന്നതും മറ്റു അപകടകരമായ പ്രവൃത്തികളും കാണിക്കുന്നതാണ് ചിത്രത്തിന്റെ സന്ദേശം.
കൂടെ നിർദേശവും എഴുതിയിരിക്കുന്നു. കൗമാരക്കാരിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ മുന്പു സുഹൃത്തും മലപ്പുറം ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഫിലിപ്പ് മന്പാടുമായി ചേർന്നു വാക്കും വരയും എന്ന പരിപാടിയിലൂടെ ബോധവത്കരണം നടത്തിയിരുന്നു.
വൈദ്യുതി ബോർഡിലെ പുതിയ സുരക്ഷാ എംബ്ലവും രൂപകൽപ്പന ചെയ്തത് മഹേഷ് ആണ് . എംബ്ലത്തിനു സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിരുന്നു. വാക്കും വരയും എന്ന പ്രവൃത്തിയിലൂടെ കഴിഞ്ഞ ഒന്പതു വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ അഞ്ഞൂറോളം പേരെ ലഹരിയുടെ ഉപയോഗത്തിൽ നിന്നു പിന്തിരിപ്പിക്കാനായത് വലിയ നേട്ടമായെന്നു മഹേഷ് പറയുന്നു.
വൈദ്യുതി ലൈനുകളിൽ നിന്നും മറ്റും അശ്രദ്ധമൂലം പൊതുജനങ്ങൾക്കുണ്ടാവുന്ന അപകടങ്ങൾക്കു കാരണമായ പ്രവൃത്തികൾ ഓഫീസിന്റെ ചുമരിൽ ഛായങ്ങൾ കൊണ്ടു പകർത്തിയപ്പോൾ ലളിതമായ ഭാഷയിലൂടെ ഈ സന്ദേശം പൊതുജനങ്ങൾ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. മഹേഷിന്റെ കലാപ്രവർത്തനങ്ങൾക്കു വൈദ്യുതി ബോർഡിലെ മുഖ്യസുരക്ഷാ കമ്മീഷണർ ആർ.സുകുവിന്റെയും അകന്പാടം അസിസ്റ്റന്റ് എൻജിനീയർ പദ്മലോചനൻ നായരുടെയും പിന്തുണയുമുണ്ട്.
പ്രവർത്തനങ്ങൾക്കു സഹപ്രവർത്തകൻ ഉമ്മർ ആലിക്കൽ സഹായിയായുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനത്തിനുള്ള 2016-ലെ മാജാ കൊയ്ന ഇന്റർനാഷണൽ അവാർഡും നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നു ള്ള ഏഴു പേരിൽ കേരളത്തിൽ നിന്നു മഹേഷ് മാത്രമാണുണ്ടായിരുന്നത്. എടവണ്ണ ചാത്തല്ലൂർ സ്വദേശിയാണ്. ഭാര്യ: ഭവിത. മക്കൾ: യദു, വിദു, വേദിക.