നാഗ്പുർ: കുടുംബത്തിനു പ്രാധാന്യം നൽകാത്തവർക്ക് എങ്ങനെ രാജ്യത്തെ സംരക്ഷിക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബിജെപിയുടെ വിദ്യാർഥി വിഭാഗമായ എബിവിപിയുടെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തവെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
ബിജെപിക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും ജീവൻ നൽകാൻ തയാറാണെന്നു പറയുന്ന നിരവധി പേരെ ഞാൻ കണ്ടിട്ടുണ്ട്. നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും വീട്ടിൽ ആരൊക്കെയുണ്ടെന്നും ഞാൻ അവരിൽ ഒരാളോടു ചോദിച്ചു. കച്ചവടമില്ലാത്തതിനാൽ കട പൂട്ടിയെന്നും വീട്ടിൽ ഭാര്യയും കുട്ടികളുമുണ്ടെന്നും അയാൾ പറഞ്ഞു.
ആദ്യം പോയി കുടുംബം നോക്കൂ എന്ന് ഞാൻ അയാളോടു പറഞ്ഞു. കുടുംബത്തെ നോക്കാൻ കഴിയാത്തവർക്ക് എങ്ങനെയാണ് രാജ്യത്തെ സംരക്ഷിക്കാൻ കഴിയുക. ആദ്യം കുടുംബത്തിനും കുട്ടികൾക്കും പരിഗണന നൽകൂ. ഇതിനുശേഷം രാജ്യത്തിനായി പ്രവർത്തിക്കൂ- ഗഡ്കരി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഒളിയന്പായും പരാമർശത്തെ വിലയിരുത്തുണ്ട്. ചെറുപ്പത്തിൽ വിവാഹിതനായ മോദി, പിന്നീട് ഭാര്യയുമായി ബന്ധം പുലർത്തിയിരുന്നില്ല. അടുത്തിടെ, ജനങ്ങൾക്ക് പാഴ് വാഗ്ദാനങ്ങൾ നൽകുന്നതിനെതിരേയും ഗഡ്കരി രംഗത്തെത്തിയിരുന്നു.