കോട്ടയം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് തമിഴ് നടൻ വിജയ് സേതുപതി. ഒരു മലയാള ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി നിലപാടുകൾ തുറന്നുപറഞ്ഞത്. ശബരിമല വിഷയത്തിലെ സ്ത്രീ വിരുദ്ധ നിലപാടുകൾ തെറ്റായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി. അത്തരമൊരു വിഷയത്തിൽ എന്തിനാണ് ബഹളങ്ങൾ. ഭൂമി അമ്മയാണ്. അതിൽ നിന്ന് ഒരുപിടി മണ്ണെടുത്താണു ദൈവങ്ങളുടെ പ്രതിമയുണ്ടാക്കുന്നത്. എന്നാൽ അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ ഇപ്പോൾ സംഭവിച്ചത്. സ്ത്രീയാണു ദൈവം. പിന്നെങ്ങനെ അവർ അശുദ്ധരാകുമെന്നും വിജയ് സേതുപതി ചോദിച്ചു.
ആലപ്പുഴയിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ പൂജാരി തനിക്ക് പ്രസാദം എറിഞ്ഞുതന്നത് വളരെയധികം വേദനിപ്പിച്ചെന്നും ഡബ്ല്യൂസിസി പോലെ തമിഴിലും വനിതകൾക്ക് ഒരു സംഘടന ആവശ്യമാണെന്നും സേതുപതി പറഞ്ഞു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സേതുപതി ഇപ്പോൾ കേരളത്തിലുണ്ട്.