ബംഗാളിലെ പ്രതിസന്ധിയ്ക്കു കാരണമായത് തൃണമൂല്‍ നേതാക്കള്‍ പ്രതികളായ ചിട്ടി തട്ടിപ്പു കേസുകള്‍;സിബിഐയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനുള്ള അനുമതി നിഷേധിച്ച് മമത; പ്രതിസന്ധിയുടെ തുടക്കം ഇങ്ങനെ…

ന്യൂഡല്‍ഹി: ബംഗാളില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ ഭരണഘടനാ പ്രതിസന്ധിയ്ക്കു പോലും കാരണമാവുന്നു. ശാരദ, റോസ് വാലി തുടങ്ങിയ ചിട്ടി കേസുകള്‍ അന്വേഷിക്കാന്‍ സിബിഐ അതിവേഗ നീക്കങ്ങള്‍ നടത്തുന്നതാണ് ഇതിന് കാരണം. ടിഎംസിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ ബംഗാളിലെ ഭരണത്തെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഏതു വിധേനയും കേന്ദ്രനീക്കങ്ങളെ ചെറുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തീരുമാനം. പ്രതിപക്ഷം ഒന്നടങ്കം മമതയ്ക്ക് പിന്തുണ നല്‍കുന്നു.

കേന്ദ്ര സര്‍ക്കാരും മമതയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ബാക്കിപത്രമായിരുന്നു കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ വീട്ടില്‍ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച സിനിമാ നിര്‍മ്മാതാവ് ശ്രീകാന്ത് മൊഹ്തയെ ചോദ്യം ചെയ്യാന്‍ സിബിഐ അദ്ദേഹത്തിന്റെ ഓഫിസില്‍ ചെന്നപ്പോഴും പൊലീസ് എത്തി പ്രശ്നമുണ്ടാക്കിയിരുന്നു. ചിട്ടി കേസുകള്‍ അന്വേഷിക്കാന്‍ 2013ല്‍ ബംഗാള്‍ സര്‍ക്കാര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചതാണ്. ആ സംഘത്തിലെ രാജീവ് കുമാര്‍ ഉള്‍പ്പെടെ മൂന്നു പേരെ ചോദ്യം ചെയ്യാന്‍ സിബിഐ ഏതാനും മാസങ്ങളായി ശ്രമിച്ചിരുന്നു. സിബിഐ പല തവണ നോട്ടിസ് നല്‍കി. രാജീവ് കുമാര്‍ സഹകരിച്ചില്ല.

ഇതു സംബന്ധിച്ച് സിബിഐയിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. സിബിഐ ഡയറക്ടറായിരുന്ന അലോക് കുമാറിന് സ്ഥാനം പോയതും ഇത് തന്നെയായിരുന്നു. അലോക് കുമാറും മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പരസ്പര പോരിന് പ്രധാനപ്പെട്ട ഒരു കാരണം കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെതിരെയുള്ള കേസായിരുന്നു. ഒരു തെളിവുമില്ലാതെ രാജീവ് കുമാറിനെതിരെ അന്വേഷണം നടത്തുന്നതിനെതിരേ അലോക് കുമാര്‍ , അസ്താനക്ക് താക്കീതും നല്‍കിയിരുന്നു.

ശാരദ, റോസ് വാലി തുടങ്ങിയ ചിട്ടി കേസുകള്‍ 2014 ല്‍ സുപ്രീംകോടതി ബംഗാള്‍ പൊലീസിന്റെ അന്വേഷണം അവസാനിപ്പിച്ച് കേസ് സിബിഐക്ക് കൈമാറിയിരുന്നു. അന്വേഷണത്തിന് ചുമതല വഹിച്ചത് അടുത്തിടെ സിബിഐയില്‍നിന്ന് പുറത്താക്കിയ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിനിടെ സുപ്രധാന തെളിവുകള്‍ രാജീവ് കുമാറും സംഘവും നശിപ്പിച്ചു എന്നായിരന്നു അസ്താനയുടെ ആരോപണം. പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാന്‍ വേണ്ടായായിരുന്നു ഇതെന്നും അസ്താന ഫയലില്‍കുറിച്ചു.

തുടര്‍ന്ന് രാജീവ് കുമാര്‍, ഐജി വിനീതകുമാര്‍ ഗോയല്‍, എസ്പി പല്ലവ് കാന്തി ഘോഷ് എന്നിവരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചു. എന്നാല്‍ ഇതിനെതിരെ രാജീവ് കുമാര്‍, അന്ന് സിബിഐ ഡയറക്ടറായിരുന്ന അലോക് കുമാറിന് പരാതി നല്‍കുകയാണ് ചെയ്തത്. ഇതായിരുന്നു സിബിഐയിലേയും പ്രശ്നങ്ങള്‍ക്ക് കാരണം. 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ 2016ലാണ് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണറായി നിയമിതനായത്.

ചിട്ടി കേസുകളുമായി ബന്ധപ്പെട്ട പല രേഖകളും കാണുന്നില്ലെന്നും അതേക്കുറിച്ച് രാജീവ് കുമാറും മറ്റുമാണ് പറയേണ്ടതെന്നുമാണ് സിബിഐയുടെ നിലപാട്. എന്നാല്‍, സിബിഐയുടെ ഉദ്യോഗസ്ഥരെ തങ്ങള്‍ക്കു ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇടയ്ക്ക് എസ്ഐടി നിലപാടെടുത്തു. അന്വേഷണത്തിനു പൊലീസ് തടസം നില്‍ക്കുന്നുവെന്ന് സിബിഐ സുപ്രീം കോടതിയോടു പരാതിപ്പെട്ടിരുന്നു. സിബിഐ ഉദ്യോഗസ്ഥരെ എസ്ഐടി ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ഇരുകൂട്ടരും പരസ്പരം സഹകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നുമാണ് സുപ്രീം കോടതി കഴിഞ്ഞ ജുലൈയില്‍ വ്യക്തമാക്കിയത്.

സംസ്ഥാനത്തെ കേസുകളില്‍ അന്വേഷിക്കുന്നതിന് സിബിഐക്കുള്ള പൊതു അനുമതി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ പിന്‍വലിച്ചിരുന്നു. പിന്നാലെ മമത ബാനര്‍ജിയും ഇതേ നിലപാടെടുത്തു. എന്നാല്‍, സുപ്രീം കോടതിയുടെ നിര്‍ദ്ദേശാനുസരണമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന നിലപാടിലാണ് സിബിഐ മുന്നോട്ടു പോകുന്നത്. ഈ സാഹചര്യത്തിലാണ് കൊല്‍ക്കത്താ കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സിബിഐ എത്തിയത്. എന്നാല്‍ എന്ത് വില കൊടുത്തും സിബിഐയെ തടയാനായിരുന്നു മമതയുടെ തീരുമാനം. അങ്ങനെ പൊലീസിനെ കൊണ്ട് സിബിഐയെ ചോദ്യം ചെയ്തു. രാജ്യ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഇത്.

മമതയുമായി അടുത്ത ബന്ധമുള്ള ശ്രീകാന്ത് മൊഹ്തയെ കഴിഞ്ഞയാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐയുടെ ലക്ഷ്യം മമതയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ആരോപിക്കുന്നത്. മമത ബാനര്‍ജി വരച്ച ചിത്രങ്ങള്‍ വന്‍ തുകയ്ക്ക് ചിട്ടി കമ്പനികള്‍ വാങ്ങിയെന്നും തട്ടിപ്പിന്റെ ഭാഗമാണതെന്നുമാണ് സിബിഐയുടെ വിലയിരുത്തല്‍. ഇത് ആരോപണമായി അടുത്തിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉന്നയിച്ചിരുന്നു. തൃണമൂലിന്റെ രാജ്യസഭാംഗം ഡെറിക് ഒബ്രിയന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സിബിഐ നോട്ടിസ് നല്‍കിയിട്ടുണ്ട്.

ചിത്രങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് അറിയാനുള്ളത്. സിബിഐയെ ഉപയോഗിച്ചുള്ള ബിജെപിയുടെ നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി, ടിഡിപി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. ഭരണഘടനയോടുള്ള അതിക്രമമെന്നാണ് സിബിഐയുടെ നടപടിയെ മമത വിമര്‍ശിച്ചത്. പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ സത്യാഗ്രഹം തുടങ്ങുകയും ചെയ്തു. ഇതോടെ ബംഗാള്‍ തന്നെ സ്തംഭിക്കുന്ന അവസ്ഥയിലാണ്. അത്രയും സ്വാധീനം തൃണമൂലിന് ഇപ്പോള്‍ ബംഗാളിലുണ്ട്.

കേന്ദ്ര ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ നടപടികളിലൂടെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടായി എന്ന് ഗവര്‍ണര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കുമോയെന്നാണ് ഇനി അറിയേണ്ടത് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ജോയിന്റ് ഡയറക്ടര്‍ പ്രദീപ് ശ്രീവാസ്തവയുടെ വീടു വളയുകയും ചെയ്ത പൊലീസ് നടപടി അംഗീകരിക്കാവുന്നതല്ലെന്ന് സിബിഐ കേന്ദ്രത്തോടു പരാതിപ്പെട്ടുകഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ശീതസമരത്തിന് പിന്നാലെയാണ് കൊല്‍ക്കത്തയില്‍ സിബിഐ -പൊലീസ് ബലപരീക്ഷണം അരങ്ങേറിയത്.

കമ്മിഷണര്‍ രാജീവ് കുമാറിന്റെ പാര്‍ക്ക് സ്ട്രീറ്റിലെ വീട്ടില്‍ പരിശോധന തടഞ്ഞ ബംഗാള്‍ പൊലീസ് 40 ഓളം സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പൊലീസിനു പിന്തുണയുമായി കമ്മിഷണറുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും സത്യാഗ്രഹസമരം പ്രഖ്യാപിക്കുകയും ചെയ്തു. ബോധപൂര്‍വം ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കാനുള്ള തന്ത്രമാണ് ബിജെപി നേതാക്കളും മോദി സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് നേരത്തെ മമത ആരോപിച്ചിരുന്നു. റോസ്‌വാലി ചിട്ടി കേസില്‍ 15,000 കോടിയും ശാരദ കേസില്‍ 2,500 കോടിയുടേയും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തൃണമൂല്‍ നേതാക്കള്‍ അടക്കം അറസ്റ്റിലായിരുന്നു.

Related posts