കോഴിക്കോട്: സിമന്റ് വില വര്‍ധിച്ചതോടെ സംസ്ഥാനത്തെ പ്രളയാനന്തരനിര്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മാണത്തിനായി കാത്തിരിക്കുകയാണ്. ഈ ഒരു അവസരത്തില്‍ സിമന്റ് വില വര്‍ധിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടൊപ്പം വീടുകളുടെ അറ്റകുറ്റ പ്രവൃത്തികളും പ്രതിസന്ധിയിലാകും.
വിലവര്‍ധന പ്രളയാനന്തര നിര്‍മാണത്തേയും ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളേയും പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്ത് സിമന്റ് ഉപയോഗത്തിന്റെ മുപ്പത് ശതമാനവും സര്‍്ക്കാര്‍ മേഖലയിലാണ്. അതിനാല്‍ വിലവര്‍ധന സര്‍ക്കാറിനേയും നേരിട്ട് ബാധിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സും നിലവില്‍ വിലവര്‍ധിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ശരാശരി സിമന്റ് വില 380-മുതല്‍ 430 രൂപവരെയാണ്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിമന്റ് വിലയാണിപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇക്കഴിഞ്ഞ ഒന്നു മുതല്‍ 40-50 രൂപയാണ് സിമന്റിന് വര്‍ധിച്ചത്. അടുത്ത 10 മുതല്‍ വീണ്ടും വില കൂട്ടാനാണ് സിമന്റ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. വില വര്‍ധിപ്പിച്ചതിനെതിരേ സംസ്ഥാന വ്യാപകമായി സിമന്റ് വില്പന നിര്‍ത്തിവയ്ക്കാന്‍ നിര്‍മാണ-വ്യാപാരമേഖലയിലെ സംഘടനകളുടെ സംയുക്ത യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചു.
വിലവര്‍ധനവ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാറിന് ഒരുമാസം സമയം നല്‍കും. അനുകൂല തീരുമാനമില്ലെങ്കില്‍ വില്പന നിര്‍ത്തിവയ്ക്കുകയും നിര്‍മാണമേഖല സ്തംഭിപ്പിക്കും വിധത്തിലുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് സംഘടനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിമന്റ് വിലനിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോവും. ഇതിന്റെ ഭാഗമായി കമ്പനിയില്‍നിന്ന് സിമന്റ് വാങ്ങുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കും.
സിമന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് , ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ, ലെന്‍സ് ഫെഡ്, കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് , സിഡബ്ല്യുഎസ്എ, കാലിക്കട്ട് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങി സിമന്റ് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളാണ് സംയുക്തമായി വിലവര്‍ധനക്കെതിരേ രംഗത്തെത്തിയത്.
അതേസമയം സിമന്റ് ഉത്പാദിപ്പിക്കുന്ന മറ്റു സംസ്ഥാനങ്ങളിലൊന്നും തന്നെ ഇത്രയും വിലവര്‍ധന ഉണ്ടായിട്ടില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ വിപണിയേയും വ്യാപാര-നിര്‍മാണമേഖലയേയും പ്രതിസന്ധിയിലാക്കും വിധത്തിലാണ് ഈ വര്‍ധന. ഉത്പാദന ചെലവുകളോ ഗതാഗത ചെലവുകളോ ഒന്നും തന്നെ മാറ്റമില്ലാത്ത സാഹചര്യത്തില്‍ അകാരണമായി വിലവര്‍ധിപ്പിച്ചത് സിമന്റ് കമ്പനിയുടെ താത്പര്യപ്രകാരം മാത്രമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറും വേണ്ട രീതിയില്‍ ഇടപെടുന്നില്ല. വിലനിയന്ത്രിക്കുന്നതിന് റെഗുലേറ്ററിബോര്‍ഡ് വേണമെന്ന ആവശ്യപോലും പരഗിണിക്കാന്‍ സര്‍ക്കാര്‍ ഇതുവരേയും തയാറായിട്ടില്ല.