കോട്ടയം: പെട്ടിക്കടയുടെ വാടകയെ ചൊല്ലി നടന്ന കൊലപാതക കേസിൽ പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യും. മറിയപ്പള്ളി പുഷ്പഭവനിൽ അനിൽകുമാറിനെ (ബേക്കർ അനി-44) കൊലപ്പെടുത്തിയ കേസിൽ നീലിമംഗലം ചിറയിൽ റിയാസി(26)നെ ഇന്ന് അറസ്റ്റു ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന വെസ്റ്റ് സിഐ നിർമൽ ബോസ് പറഞ്ഞു. കത്തിക്കുത്തിൽ പരിക്കേറ്റ റിയാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലസ് സംരക്ഷണയിൽ ചികിത്സയിലാണ്. തിരുനക്കര ബസ് സറ്റാൻഡിനു സമീപത്തെ ബാർ ഹോട്ടലിന്റെ ഇടനാഴിയിലാണ് കൊലപാതകം നടന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.45നാണ് സംഭവം. അനിയുടെ ഉടമസ്ഥതയിൽ ഇവിടെയുള്ള മുറുക്കാൻ പെട്ടിക്കട റിയാസാണ് നടത്തിയിരുന്നത്. ഇപ്പോൾ പെട്ടിക്കടയിൽ ലോട്ടറി വിൽപനയാണ്. 500 രൂപയായിരുന്നു ദിവസ വാടക. ഈരാറ്റുപേട്ടയിലെ പാറമടയിൽ ജോലി ചെയ്തിരുന്ന അനി എല്ലാ ശനിയാഴ്ചയിലും എത്തി വാടക പിരിക്കുകയാണു ചെയ്തിരുന്നത്. ശനിയാഴ്ച നഗരത്തിലെത്തിയ അനി റിയാസിനോടു വാടക ചോദിച്ചു. ഇന്നലെ നൽകാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ അനി മടങ്ങി.
ഇന്നലെ ഉച്ചയോടെ സംഭവ സ്ഥലത്തെത്തിയ അനി റിയാസിനെ കണ്ടു വാടക ചോദിച്ചു. ഇരുവരും മദ്യപിച്ചു. ഇതിനിടെ റിയാസ് വാടക നൽകിയെങ്കിലും മൂന്നു ദിവസത്തെ വാടക നല്കിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ കത്തി പുറത്തെടുത്ത അനി, റിയാസിനു നേരെ വീശി. നെഞ്ചിൽ കത്തി കൊണ്ട് റിയാസിനു മുറിവേറ്റു. മദ്യലഹരിയിലായിരുന്ന റിയാസ് കത്തി തിരികെ പിടിച്ചു വാങ്ങി അനിയെ കുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
വയറ്റിൽ കുത്തേറ്റ അനി ഇടവഴിയിൽ കുഴഞ്ഞു വീണു. മുറിവേറ്റ റിയാസ് റോഡിലേക്കിറങ്ങി ഓട്ടോറിക്ഷയിൽ കയറി മെഡിക്കൽ കോളജിലേക്കു പോയി. പത്തു മിനിറ്റോളം രക്തം വാർന്ന് കിടന്ന അനിയെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം കണ്ട്രോൾ റൂം പോലീസ് സംഘത്തെ അറിയിച്ചു. പോലീസ് എത്തി ഫയർഫോഴ്സിന്റെ ആംബുലൻസിലാണ് അനിയെ മെഡിക്കൽ കോളജിൽ എത്തിച്ചത്. ഇവിടെ എത്തിയപ്പോഴേക്കും അനി മരിച്ചിരുന്നു.
മെഡിക്കൽ കോളജിൽ എത്തിയ കോട്ടയം വെസ്റ്റ് സിഐ നിർമ്മൽ ബോസ്, എസ്ഐ എം.ജെ. അരുണ് എന്നിവർ ചേർന്നു പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പോലീസ് സംരക്ഷണയിലാണ് റിയാസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.അനിയാണ് ആദ്യം കുത്തിയതെന്നാണ് റിയാസിന്റെ മൊഴി. ഇതല്ലാതെ മറ്റു വിവരങ്ങൾ ഒന്നും പോലീസിന് ലഭ്യമായിട്ടില്ല. കുത്തിയ കത്തി കണ്ടെടുത്തിട്ടില്ല.