തിരുവനന്തപുരം: അതിർത്തി തർക്കത്തെത്തുടർന്ന് ഗൃഹനാഥനേയും ഭാര്യയെയും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെയും ദേഹോപദ്രവമേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കിഴുവിലം മുടപുരം തെങ്ങുംവിള ഇട്ടിവിളാകം പ്രജിതാ നിവാസിൽ തക്കു എന്ന് വിളിക്കുന്ന പ്രജീഷ് (28) ആണ് അറസ്റ്റിലായത്.
മുടപുരം തെങ്ങുംവിള സുരഭി നിവാസിൽ സന്തോഷ്, ഇയാളുടെ ഭാര്യ സുരഭി, അഞ്ച് മാസം പ്രായമുള്ള കൈക്കുഞ്ഞ് എന്നിവരെ ആക്രമിച്ച കേസിലാണ് പ്രതിയെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം സന്തോഷിനെ വീടിന് സമീപം തടഞ്ഞ് നിർത്തി മർദ്ദിക്കുന്നത് ചെറുക്കാൻ ശ്രമിക്കവെയാണ് ഭാര്യ സുരഭിയെയും കൈക്കുഞ്ഞിനെയും പ്രതി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
സുരഭിയുടെ കൈയിലിരുന്ന കുഞ്ഞിനെ പ്രതി തറയിലേക്ക് വലിച്ചെറിഞ്ഞെന്ന് പോലീസ് പറഞ്ഞു. ചിറയിൻകീഴ് എസ്ഐ. റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.