കൊല്ലം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ച നടൻ കൊല്ലം തുളസി പോലീസിൽ കീഴടങ്ങി. ചവറ സർക്കിൾ ഇൻസ്പെക്ടറിനു മുന്പാകെയാണ് തുളസി ഹാജരായത്. നേരത്തെ, തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.
ഒക്ടോബർ 12-ന് ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയിലാണു ശബരിമലയിലേക്കു പോകുന്ന യുവതികൾക്കെതിരേ കൊല്ലം തുളസി വിവാദ പരാമർശങ്ങൾ നടത്തിയത്. ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു പ്രസ്താവന.
ഇതിനെതിരേ ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്. പ്രസ്താവന വിവാദമായതോടെ വനിതാ കമ്മീഷനും സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കമ്മീഷന് തുളസി മാപ്പെഴുതി നൽകി.