റാന്നി: ചെമ്പനോലി – മടന്തമൺ – അത്തിക്കയം റോഡിൽ രാവിലെ മുതൽ ടിപ്പറുകളുടെയും ടോറസ് ലോറികളുടെയും മരണപ്പാച്ചിൽ. രാവിലെ തുടങ്ങിയാൽ പിന്നെ ചെയിൻ സർവീസ് പോലെ ഒന്നിനു പിറകെ ഒന്നായി പോകുന്നതു നൂറിലേറെ ലോഡുവണ്ടികളാണ്. സ്കൂൾ കുട്ടികളും സ്കൂൾ വാഹനങ്ങളും യഥേഷ്ടം സഞ്ചരിക്കുന്ന വീതി കുറവും കയറ്റിറക്കങ്ങളുമുള്ള റോഡിൽ അപകട സാധ്യതയേറെയാണെന്ന് നാട്ടുകാർ പറഞ്ഞു.
അടുത്ത സമയത്ത് ചെമ്പനോലി – മടന്തമൺ റോഡിൽ ലോഡുമായി പാറമടകളിൽ നിന്നിറങ്ങി വന്ന ടിപ്പറുകൾ റോഡിൽ അപകടത്തിൽ പെട്ടത് രണ്ടു തവണയാണ്. തകർന്നു നശിച്ച റോഡിന്റെ ചെമ്പനോലി പള്ളിപ്പടി വരെയുള്ള രണ്ടു കിലോമീറ്ററോളം ഭാഗം നന്നാക്കിയിട്ട് ആഴ്ചകളായില്ല. ഇത്തരത്തിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഭാരവാഹനങ്ങളെ കടത്തിവിടുന്നത് റോഡു നശിപ്പിക്കും.
രാവിലെ ഒന്പതു മുതൽ ടിപ്പറുകൂടെ പടയോട്ടം ആരംഭിച്ചാൽ പിന്നെ റോഡിൽ ചെറുവാഹനങ്ങൾക്ക് രക്ഷയില്ല. ഇതിനിടെ ലോഡിനായി എതിരെ വരുന്ന ടിപ്പറുകളും ഏറെ. റോഡിൽ ചെമ്പനോലി ഭാഗത്ത് രണ്ടാഴ്ച മുമ്പ് കായംകുളത്തേക്ക് പാറ ഉത്പന്നങ്ങളുമായി പോയ ടിപ്പർ ലോറി നടുറോഡിൽ നിയന്ത്രണം വിട്ട് കുത്തനെ മറിഞ്ഞു. ഇതുവഴിയെത്തിയ ഓട്ടോറിക്ഷയും അപകടത്തിൽപെടുകയും നാട്ടുകാരനായ ഓട്ടോ ഡ്രൈവർക്ക് പരിക്കേൽക്കുകയും ഓട്ടോ ഭാഗികമായി തകരുകയും ചെയ്തു.
രണ്ടു ദിവസം മുമ്പ് ചെമ്പനോലി സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്ക് സമീപം ലോഡുമായെത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ടു വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി. വീട്ടുകാർ തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. ചെമ്പൻമുടിമലയിലെ പാറമടകളിൽ യാതൊരു നിയന്ത്രണവുമില്ലാതെ പാറ പൊട്ടിക്കുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നതായി പരാതിയുയർന്നിരിക്കുകയാണ്. പാറമടകളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള അമിതവാഹന ഓട്ടത്തെ നിയന്ത്രിക്കണമെന്നും ചെമ്പനോലി – മടന്തമൺ – അത്തിക്കയം റോഡിനെ സംരക്ഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.