കൂട്ടുകാര്‍ക്കൊക്കെ പെന്‍സിലും റബ്ബറുമൊക്കെ വാങ്ങിയാണ് അവനിന്ന് സ്‌കൂളില്‍ പോയത്! ലിനിയുണ്ടായിരുന്നെങ്കില്‍ വളരെയധികം സന്തോഷിക്കേണ്ടിയിരുന്ന മറ്റൊരു ദിവസത്തെക്കുറിച്ച്, സന്തോഷം പങ്കുവച്ച് ഭര്‍ത്താവ് സജീഷ്

പോയ വര്‍ഷത്തില്‍ മലയാളികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി, ഒട്ടേറെ നഷ്ടങ്ങളും പലര്‍ക്കും തീരാവേദനകളും സമ്മാനിച്ചു പോയ ഒന്നാണ് നിപ്പ. കോഴിക്കോട് എന്ന വലിയ നഗരം ഏതാനും നാളത്തേയ്ക്ക് നിശ്ചമായിപ്പോയ നാളുകളായിരുന്നു അത്. ആ നാളുകളില്‍ മലയാളികളെ ഏറെ വേദനിപ്പിച്ച ഒന്നാണ്, നിപ്പ ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ച നഴ്‌സ് ലിനിയുടെ മരണം. വിദേശത്തായിരുന്ന ഭര്‍ത്താവിന് അവസാനം അവരെഴുതിയ കത്ത് , ഓരോരുത്തരുടെയും ഹൃദയത്തിലാണ് പതിച്ചത്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും തന്റെ കുടുംബത്തെയും കുറിച്ചുള്ള തന്റെ വ്യാകുലതകളെല്ലാമായിരുന്നു ലിനിയുടെ കത്തിലുണ്ടായിരുന്നു.

ലിനിയുടെ മരണശേഷവും അവരോടുള്ള ആദരവുകളെല്ലാം മലയാളികള്‍ ലിനിയുടെ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും നല്‍കുന്നുമുണ്ട്. ഇപ്പോഴിതാ ലിനി ജീവിച്ചിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കേണ്ടിയിരുന്ന ഒരു ദിവസത്തെക്കുറിച്ച് ലിനിയുടെ ഭര്‍ത്താവ് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. ലിനിയുടെ അഭാവത്തില്‍ തങ്ങളുടെ മൂത്ത മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനെക്കുറിച്ചാണ് സജീഷ് കുറിച്ചിരിക്കുന്നത്.

സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നതിങ്ങനെ…

റിതുലിന്റെ ആറാം പിറന്നാള്‍

ജന്മദിനങ്ങള്‍ നമുക്ക് എന്നും സന്തോഷമുളള ദിവസമാണ് അത് മക്കളുടേതാണെങ്കില്‍ അതിലേറെ സന്തോഷവും ഒരു ഓര്‍മ്മപ്പെടുത്തലുമാണ്. ലിനി…. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍. അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ… ചെറുതായി പനി ഉണ്ടെങ്കിലും അവന്റെ കൂട്ടുകാര്‍ക്കൊക്കെ സമ്മാനമായി പെന്‍സിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ് സ്‌കൂളില്‍ പോയത്.

കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. മോന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു. ഉമ്മ ഉമ്മ ഉമ്മ

Related posts