കോഴിക്കോട്: ബൈക്ക് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി പോലീസ്. മൂന്നുപേരുമായി ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ മാത്രമാണ് അത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പേര് യാത്ര ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നും പുറകിലിരുന്ന യാത്രചെയ്യുന്നവരുടെ സുരക്ഷ ഇല്ലാതാക്കുകയാണിതെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു. ഇതോടൊപ്പം യാത്രയില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കണം.
ഹെല്‍മറ്റ് ഉപയോഗം പൂര്‍ണമായും നടപ്പാക്കാന്‍ നിയമാനുസരണം മാത്രം കഴിയുകയില്ല. ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ആളുകള്‍ക്ക് ശരിയായ അറിവ് നല്‍കുകയോ അവ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്യണം. ചിന്‍സ്ട്രാപ് ഇടാതെ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന് തുല്യമാണെന്നും ട്രാഫിക്പോലീസ് ഫേസ്ബുക്ക് പേജില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തി ലെറോഡുകളില് ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ശരാശരി വേഗപരിധി 50 കിലോമീറ്ററാണ്. അമിതവേഗത ഒഴിവാക്കുക. വേഗത കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും വര്‍ധിക്കുന്നു.ഇരുചക്ര വാഹനങ്ങള്‍ അപകടപ്പെടുന്നതില്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇടത് വശത്തുകൂടിയുള്ള ഓവര്ടേക്കിംഗാണ്. റോഡിന് ഇടതുവശം ചേര്‍ന്നുള്ള ട്രാക് വേഗത കുറഞ്ഞ വാഹനങ്ങള്‍ക്കും വലതുവശത്തെ ട്രാക് വേഗതകൂടിയ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ വേണ്ടിയുള്ളതാണ്. ഓവര്‍ടേക് ചെയ്യേണ്ടത് വലതുവശത്തുകൂടി മാത്രമാണ്.
ന്യൂ ജനറേഷന് വാഹനങ്ങള്‍ വാങ്ങുന്ന യുവാക്കള്‍ വാഹനത്തില്‍ കമ്പനിയുടെ രൂപകല്‍പ്പനയില്‍ അവരുടേതായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നതും അപകടത്തിന് കാരണമാകുന്നു. യാത്ര ചെയ്യുന്നവരുടെ സുരക്ഷക്കുവേണ്ടിയുള്ള ഹാന്‍ഡ് ഗ്രിപ്, സാരിഗാര്‍ഡ് എന്നിവ എടുത്തുമാറ്റുന്നതായി കാണാറുണ്ട്. പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് വാഹനത്തില്‍ ബലമായി പിടിച്ച് ഇരിക്കുന്നതിന് വേണ്ടിയാണ് ഹാന്‍ഡ് ഗ്രിപ് ഘടിപ്പിച്ചിട്ടുള്ളത്.
പിന്നിലിരിക്കുന്ന യാത്രക്കാരന് വാഹനം ഡ്രൈവ് ചെയ്യുന്ന ആളുടെ തോളത്തോ മുതുകിലോ പിടിക്കാതെ സീറ്റിന് സൈഡില്‍ ഘടിപ്പിച്ചിരിക്കുന്ന ഹാന്‍ഡ് ഗ്രിപ്പില്‍ മുറുകെ പിടിച്ചിരുന്നാല്‍ അപകടം ഒഴിവാക്കാം.വാഹനം ഓടിക്കുമ്പോള്‍ പിന്നിലൂടെവരുന്ന വാഹനങ്ങള്‍ കാണുന്നതിന് തിരിഞ്ഞുനോക്കാതെ ഇരുവശത്തുള്ള കണ്ണാടിയില്‍ നോക്കി മാത്രം പിന്‍ഭാഗം വീക്ഷിക്കണമെന്നും നിയമപാലകര്‍ ചൂണ്ടിക്കാട്ടുന്നു.