പെരിന്തൽമണ്ണ: ശബരിമല ദർശനത്തിന്റെ പേരിൽ വീട്ടിൽ നിന്നു പുറത്തായ കനകദുർഗ കോടതി വിധിയെ തുടർന്ന് വൻ പോലീസ് സംഘത്തിന്റെ അകന്പടിയോടെ അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ പ്രവേശിച്ചു. കോടതി വിധിയെ തുടർന്ന് ഭർത്താവ് വീടിന്റെ താക്കോൽ പോലീസിനെ ഏൽപിച്ച് പോയിരുന്നു.
എല്ലാം കലങ്ങിത്തെളിയുമെന്നും മക്കൾക്കും ഭർത്താവിനും ഒപ്പം ജീവിതം തുടരാൻ സാധിക്കുമെന്നും അവർക്കൊപ്പം ജീവിക്കാനാണ് തന്റെ ആഗ്രഹമെന്നും കനകദുർഗ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രാത്രി 7.45 ഓടെ അഭിഭാഷകക്കൊപ്പം അങ്ങാടിപ്പുറത്തെ ഭർത്താവ് കൃഷ്ണനുണ്ണിയുടെ വീട്ടിലേക്ക് പോലീസ് സംഘത്തിന്റെ സംരക്ഷണയിലാണ് കനക ദുർഗ എത്തിയത്.
പുലാമന്തോൾ ഗ്രാമകോടതിയാണ് കനകദുർഗയ്ക്ക് ഭർതൃവീട്ടിൽ കയറാൻ അനുമതി നല്കിയത്. അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ പ്രവേ ശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ സമർപ്പിച്ച ഹർജിയിലാണ് വിധി. വീട് വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ചെയ്യരുതെന്നു ഭർത്താവ് കൃഷ്ണ നുണ്ണിക്കു കോടതി നിർദേശം നൽകി. കുട്ടികളുടെ സംരക്ഷണകാര്യം പിന്നീട് തീരുമാനിക്കും. പുലാമന്തോൾ ഗ്രാമന്യായാലയം കേസ് അടുത്ത മാസം 31ന് വീണ്ടും പരിഗണിക്കും.
ശബരിമല ദർശനത്തിന് ശേഷം മടങ്ങിയെത്തിയപ്പോൾ ഭർതൃമാതാവിൽ നിന്നു മർദനമേറ്റതിനെത്തുടർന്ന് ഇവർ ആശുപത്രിയിലായിരുന്നു. ആശുപത്രിയിൽനിന്നും തിരിച്ചെത്തി വീട്ടിൽ കയറാൻ ശ്രമിച്ചപ്പോൾ ഭർത്താവ് കൃഷ്ണനുണ്ണി എതിർത്തു. കോടതിയിൽ ഇരുവിഭാഗത്തിൽ നിന്നും ആരും ഹാജരായിട്ടില്ല.
വിവാദത്തെ തുടർന്ന് ഭർത്താവ് കുഷ്ണനുണ്ണി വീട് പൂട്ടി താമസം മാറ്റിയിരുന്നു. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചെങ്കിലും കനകദുർഗയെ ഇനി വീട്ടിൽ കയറ്റാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു കൃഷ്ണനുണ്ണി.