നേമം : ഏഷ്യായിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയെന്ന് ഗിന്നസ് ബുക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയ ദാക്ഷായണി ചരിഞ്ഞു. എണ്പത്തിയെട്ടു വയസായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ കരമന ആറിൻ തീരത്തെ സത്യൻനഗർ മലമേൽക്കുന്നിലെ ആനക്കൊട്ടിലാണ് ചരിഞ്ഞത്.
ദേവസ്വം ബോർഡിന്റെ ആചാരപരമായ നടപടികൾക്ക് ശേഷം ബുധനാഴ്ച രാവിലെ പത്തോടെ ആനക്കൊട്ടിൽ സ്ഥിതി ചെയ്യുന്ന ദേവസ്വംബോർഡിന്റെ ഭൂമിയിൽ സംസ്ക്കരിക്കും. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പോസ്റ്റുമോർട്ടം നടത്തിയ ശേഷമായിരിക്കും സംസ്ക്കരിക്കുന്നത്.
ദാക്ഷായണിക്ക് ദേവസ്വം ബോർഡിന്റെ ഗജരാജ മുത്തശി പട്ടം ലഭിച്ചിട്ടുണ്ട്. നാട്ടാനകളിൽ പ്രായം കൂടിയ ആന എന്ന പദവിയും ദാക്ഷായണിക്കാണ്. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാതിരുന്ന ദാക്ഷായണി തിങ്കളാഴ്ച മുതൽ ആഹാരം കഴിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം വിറയലോടെ മുട്ടുകുത്തി ചരിയുകയായിരുന്നെന്ന് പാപ്പാൻ മുകേഷ് പറഞ്ഞു.
ഇതറിഞ്ഞ് ദേവസ്വംബോർഡിന്റെ വെറ്ററിനററി ഡോ. ടി.രാജീവ് എത്തി പരിശോധിച്ചു. പ്രായാധിക്യം തന്നെയാണ് മരണകാരണമെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ആർ.ജി. രാധാകൃഷ്ണൻ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിലെ ആനയാണ്.
അരനൂറ്റാണ്ടിലേറെ ശംഖുംമുഖം ദേവിയെ എഴുന്നളളിച്ചിട്ടുണ്ട്. ദാക്ഷായണിയോടുള്ള ആദര സൂചകമായി പോസ്റ്റൽ വകുപ്പ് ചിത്രം വച്ച താപാൽ കവറും പുറത്തിറിക്കിയിട്ടുണ്ട്. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നുമാണ് ദേവസ്വംബോർഡിന് ദാക്ഷായണിയെ ലഭിക്കുന്നത്. കോന്നി ആന കൊട്ടിലിൽ നിന്നും അഞ്ച് വയസു കഴിഞ്ഞപ്പോഴാണ് ദാക്ഷായണി കൊട്ടാരത്തിലെത്തുന്നത്.
ആറ്റിങ്ങൾ തിരുവാറാട്ടുകടവ് ക്ഷേത്രത്തിൽ നിന്നുമാണ് ദാക്ഷായണി ചെങ്കള്ളൂരിലെത്തുന്നത്. തിരുവിതാംകൂർ ദേവസ്വത്തിനു കീഴിൽ ഏറ്റവും കൂടുതൽ എഴുന്നള്ളത്ത് നടത്തിയിട്ടുള്ള ആനയെന്ന പദവിയും ദാക്ഷായണിക്കാണ്. പ്രായാധിക്യം കാരണം കഴിഞ്ഞ മൂന്നുവർഷമായി ദാക്ഷായണിയെ എഴുന്നള്ളിപ്പിന് കൊണ്ടുപോകാറില്ലായിരുന്നു.