ഒരു അപവാദം, അല്ലെങ്കില്‍ ചീത്തപ്പേര് സ്വന്തം പേരില്‍ കടന്നുകൂടിയാല്‍ പിന്നെ അത് മാറിപ്പോവാന്‍ വളരെ ബുദ്ധിമുട്ടാണെന്നത് പൊതുസത്യമാണ്. കോപ്പിയടി വിവാദത്തില്‍ പെട്ട, തൃശൂര്‍ കരള വര്‍മ്മ കോളജ് അധ്യാപിക ദീപാ നിശാന്തിന്റെ കാര്യത്തിലും അത് സത്യമാണ്. കവിതാ മോഷണവുമായി ബന്ധപ്പെട്ടുണ്ടായ പേരുദോഷം മാറുന്ന ലക്ഷണമില്ലെന്ന സൂചനയാണ്, സമൂഹമാധ്യമങ്ങളില്‍ അവര്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന പരിഹാസങ്ങള്‍ സൂചിപ്പിക്കുന്നത്.
പേരന്പ് എന്ന മമ്മൂട്ടി ചിത്രത്തിനു വേണ്ടി, ദീപ നിശാന്ത് എഴുതി, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത നിരൂപണക്കുറിപ്പിന് താഴെയാണ് ആളുകള്‍ പരിഹാസവുമായി എത്തിയത്. ഈ കുറിപ്പ് സ്വന്തമാണോ അതോ മറ്റാരുടെയെങ്കിലും കോപ്പിയാണോ എന്നായിരുന്നു ഒരു കമന്റ്. എന്നാല്‍ കുറിക്കു കൊള്ളുന്ന മറുപടി കൊടുത്ത് ദീപാ നിശാന്ത് ആ പരിഹാസത്തെ പ്രതിരോധിക്കുകയായിരുന്നു. ‘ ഇതില്‍ ഒരു വാക്കുപോലും എന്റെ സ്വന്തമല്ല, എല്ലാം ശബ്ദതാരാവലിയില്‍ നിന്ന് എടുത്തതാണെന്നായിരുന്നു ദീപയുടെ മറുപടി. ഈ മറുപടി പിന്നീട് ഹിറ്റായി മാറുകയും ചെയ്തു.