മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം മിതാലി രാജ് രാജ്യാന്തര ട്വന്റി-20യിൽ നിന്ന് വിരമിക്കുന്നു. നാട്ടിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയോടെ 36 വയസുകാരിയായ മിതാലി വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചിലാണ് മൂന്ന് ട്വന്റി-20 മത്സരങ്ങൾ അടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര.
അതേസമയം, മിതാലി ഏകദിന ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്നാണ് വിവരം. ഏകദിനത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിനെ നയിക്കുന്നത് മിതാലി രാജാണ്. ട്വന്റി-20യില്‍ ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ നായിക.
ന്യൂസിലാൻഡിനെതിരായ പരമ്പരകള്‍ക്കായി ഇപ്പോൾ വെല്ലിംഗ്ടണിലാണ് ഇന്ത്യൻ വനിതാ സംഘം. ബുധനാഴ്ച ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. അന്തിമ ഇലവനിൽ മിതാലിക്ക് ഇടം നേടാനാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇന്ത്യക്കായി 85 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച താരം മിതാലി 17 അര്‍ധ സെഞ്ചുറികൾ അടക്കം 2283 റണ്‍സെടുത്തു. 97 റൺസാണ് ഉയർന്ന സ്കോർ.