വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരേയുള്ള ഏകദിന പരമ്പര അനായാസം നേടിയ ഇന്ത്യ ട്വന്റി -20യിലും വെന്നിക്കൊടി പാറിക്കാൻ തയാറെടുക്കുന്നു. മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയുടെ ആദ്യ മത്സരം ഇന്ന് വെല്ലിംഗ്ടണിൽ. നാലാം ഏകദിനം മുതല്‍ കോഹ്ലിക്കു വിശ്രമം നല്കിയതിനാല് രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.
വിരാട് കോഹ്ലിയുടെ കീഴില്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഒരു പരമ്പര പോലും നഷ്ടമാക്കാതിരുന്ന ഇന്ത്യ ന്യൂസിലന്‍ഡില്‍ ട്വന്റി-20 പരമ്പര ജയിക്കാമെന്ന മോഹത്തിലാണ്.
കോഹ്ലിയുടെ കീഴില്‍ പുലര്‍ത്തിയ മികവ് തുടരുകയെന്നതാണ് രോഹിത് ശര്‍മയുടെ വെല്ലുവിളി. രോഹിതിന്റെ കീഴില്‍ കളിച്ച നാലാം ഏകദിനത്തില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ അവസാന ഏകദിനത്തില്‍ ജയത്തോടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചു. എന്നാല്‍, ഇന്ത്യക്ക് ഇതുവരെ ന്യൂസിലന്‍ഡില്‍ ട്വന്റി-20 പരമ്പര നേടാനായിട്ടില്ല.
ടീമിലെ പലരും തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണത്തിലാണെങ്കിലും ഇടവേളയ്ക്കുശേഷം ഋഷഭ് പന്ത് ടീമിനൊപ്പം ചേരും. ഓസട്രേലിയയ്ക്കെതിരേയും ന്യൂസിലന്ഡിനെതിരേയുമുള്ള ഏകദിന പരമ്പരയില്‍ പന്തില്ലായിരുന്നു. ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിക്കാന്‍ പന്തിന് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്.
ഏകദിന പരമ്പരയില്‍ മികവ് തെളിയിക്കാന്‍ കഴിയാതിരുന്ന ശുഭ്മാന്‍ ഗില്‍ ട്വന്റി-20 പരമ്പരയിലും മൂന്നാം നമ്പറിലാകും ഇറങ്ങുക. ഏകദിന പരമ്പരയില്‍ ഗംഭീര ബൗളിംഗ് കാഴ്ചവച്ച ട്രെന്‍ഡ് ബോള്‍ട്ടിന് വിശ്രമം നല്‍കിയതിനെത്തുടര്‍ന്ന് ട്വന്റി-20 പരമ്പരയ്ക്കില്ല.