കൊച്ചി: സീഡിംഗ് കേരളയുടെ ഭാഗമായി കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ 1000 കോടി രൂപയുടെ നിക്ഷേപ സാധ്യതകളുമായി മുന്നോട്ടു വന്ന നാല് ഏഞ്ചൽ, വെഞ്ച്വർ ക്യാപിറ്റൽ (വിസി) ഫണ്ടിംഗ് ഏജൻസികളെ സർക്കാർ തെരഞ്ഞെടുത്തു. യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ്, ഇന്ത്യൻ ഏഞ്ചൽ നെറ്റ്വർക്ക്, എക്സീഡ് ഇലക്ട്രോണ്‍ ഫണ്ട്, സ്പെഷലി ഇൻസെപ്റ്റ് ഫണ്ട് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട ഏജൻസികൾ.
കൊച്ചിയിൽ നടന്ന സീഡിംഗ് കേരള സമ്മേളനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഫണ്ടിംഗിന് തയാറായി നൂറിലേറെ ഏജൻസികൾ എത്തിയിരുന്നു. ഇവയിൽ ഏറ്റവും കൂടുതൽ തുക നിക്ഷേപിക്കാൻ സന്നദ്ധത കാട്ടിയ ഏജൻസികളെയാണ് തെരഞ്ഞെടുത്തത്.
അടുത്ത നാലു വർഷത്തിനുള്ളിൽ വാഗ്ദാനം ചെയ്ത തുകയുടെ 25 ശതമാനമെങ്കിലും നിക്ഷേപം നടത്തണമെന്നതാണ് കരാർ. അതിനാൽത്തന്നെ 300 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ ഉറപ്പാണെന്നും ഐടി സെക്രട്ടറി ചൂണ്ടിക്കാട്ടി.
ബഹിരാകാശമേഖലയിലെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ സ്റ്റാർട്ടപ്പുകൾക്കാണ് എക്സീഡ് ഫണ്ട് നിക്ഷേപം നടത്തുന്നത്. അർബുദരോഗ ചികിത്സ, ദുരന്തനിവാരണം തുടങ്ങി പ്രത്യേക പ്രമേയത്തിലധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ പ്രോത്സാഹനം നല്‍കുമെന്നും ഐടി സെക്രട്ടറി പറഞ്ഞു.
നഷ്ടസാധ്യത കണക്കിലെടുക്കാതെ സ്റ്റാർട്ടപ് സംരംഭങ്ങളുടെ വിവിധ വികസന ഘട്ടങ്ങളിൽ നടത്തുന്ന നിക്ഷേപത്തിനാണ് ഏഞ്ചൽ നിക്ഷേപങ്ങൾ എന്ന് പറയുന്നത്. ധനപരമായ നിക്ഷേപത്തിനു പുറമെ വിദഗ്ധ പങ്കാളിത്തവും ഏഞ്ചൽ നിക്ഷേപത്തിന്റെ പരിധിയിൽ വരും.
ഏഞ്ചൽ, വിസി നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഫണ്ട് ഓഫ് ഫണ്ട് മാതൃകയിൽ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. വർഷം 15 കോടി രൂപയാണ് സംസ്ഥാനസർക്കാർ ആദ്യഘട്ടത്തിൽ നിക്ഷേപമായി നല്‍കിയത്.
പദ്ധതി വിജയകരമായതോടെ അടുത്ത നാല് വർഷത്തേക്കു 60 കോടി രൂപ സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. എറ്റവും കുറഞ്ഞത് ഇതിന്റെ ഇരട്ടി തുക നിക്ഷേപം നടത്താൻ തയാറായവരിൽനിന്നാണ് താത്പര്യപത്രം ക്ഷണിച്ചത്. കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, ലെറ്റ് വെഞ്ച്വർ പ്രതിനിധി സഞ്ജയ് ജാ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.