തിരുവനന്തപുരം: തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്നും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ആവുംവിധമെല്ലാം നോക്കിയ ശേഷമാണ് ടോമിന് തച്ചങ്കരി പടിയിറങ്ങിയത്.
ആരുടെയും മുന്നില്‍ കൈനീട്ടാതെ സ്വന്തം വരുമാനത്തില്‍ നിന്നും ശമ്പളം നല്കാന് കോര്‍പ്പറേഷനെ പ്രാപ്തനാക്കിയ എംഡിയെ ഭരണപ്പാര്‍ട്ടിക്കാര്‍ ഇടപെട്ട് തെറിപ്പിച്ചതിന്റെ പിന്നാലെ കോര്‍പ്പറേഷന്റെ വരുമാനത്തിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിരിക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ പഴയപോലെ യൂണിയന്‍കാര്‍ക്ക് തോന്നിയതു പോലെയായിട്ടുണ്ട്.ഡ്യൂട്ടി പരിഷ്ക്കരണം വരുത്തിയതിന് പിന്നാലെയാണ് വരുമാനത്തില്‍ ഇടിവുണ്ടായത്. കൂടാതെ ചീഫ് ഓഫീസില്‍ ജോലി ചെയ്യാതിരുന്നവര്‍ പഴയതു പോലെ തിരിച്ച് പണിചെയ്യാതിരിക്കാന്‍ പുതിയ അടവുകളുമായെത്തിയിട്ടുണ്ട്.
തച്ചങ്കരി സിഎംഡിയായിരിക്കേ കെഎസ്ആര്‍ടിസി. ചീഫ് ഓഫീസില്‍നിന്നു പണിക്കയച്ചവര്‍, അദ്ദേഹം തെറിച്ചതിനു പിന്നാലെയാണ് തിരിച്ചെത്തി തുടങ്ങിയത്. ജൂനിയര്‍ അസിസ്റ്റന്റുമാരായ നാലുപേരാണ് ഏറ്റവുമൊടുവില്‍ പാപ്പനംകോട്, പുനലൂര്‍, പിറവം, പത്തനംതിട്ട യൂണിറ്റുകളില്‍നിന്നു ‘വര്‍ക്കിങ് അറേഞ്ച്മെന്റി’ന്റെ മറവില്‍ ചീഫ് ഓഫീസിലെത്തിയത്. ചീഫ് ഓഫീസില്‍ തമ്പടിച്ചു യൂണിയന് പ്രവര്‍ത്തനം മാത്രം നടത്തിയിരുന്നവരെയാണു തച്ചങ്കരി മുമ്പ് വിവിധ ഡിപ്പോകളിലേക്ക് അയച്ചത്. അന്നു മുതല്‍ അദ്ദേഹം യൂണിയന് നേതാക്കളുടെ കണ്ണിലെ കരടായി. യൂണിയന് നേതാക്കള്‍ ചമഞ്ഞുകൊണ്ട് രംഗത്തെത്തിയവര്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
തച്ചങ്കരിയെ തെറിപ്പിച്ചതോടെ കാര്യങ്ങളെല്ലാം കാര്യങ്ങളെല്ലാം യൂണിയന്‍കാരുടെ നിയന്ത്രണത്തിലായി. തച്ചങ്കരി പടിയിറക്കിയവര്‍ പഴയ തട്ടകങ്ങളിലേക്ക് മടങ്ങിത്തുടങ്ങിയതോടെ ഡിപ്പോകളില്‍ ജീവനക്കാരില്ലാതെ ഷെഡ്യൂളുകള്‍ പതിവായി മുടങ്ങുകയാണ്. ഒരാഴ്ചകൊണ്ടു വരുമാനത്തില്‍ 48 ലക്ഷം രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ 28ന് 7,12,14,294 രൂപയായിരുന്ന കളക്ഷന്‍ ഫെബ്രുവരി നാലിന് 6,64,31,336 രൂപയായി ഇടിഞ്ഞു. ഡ്യൂട്ടി പരിഷ്കരണവും ഷെഡ്യൂളുകളും അട്ടിമറിക്കപ്പെട്ടതാണു വരുമാനം കുറയാന്‍ കാരണം.
തിരുവനന്തപുരം സോണില്‍ വരുമാനം 2.74 കോടിയില്‍നിന്ന് 2.61 കോടിയായി കുറഞ്ഞു; 13 ലക്ഷത്തിന്റെ കുറവ്. കോഴിക്കോട് സോണില്‍ 1.78 കോടിയില്‍നിന്ന് 1.66 കോടിയായി കുറഞ്ഞു. എറണാകുളം സോണ്‍ 2.59 കോടിയില്‍നിന്ന് 2.36 കോടി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകള്‍ അടങ്ങിയ എറണാകുളം സോണ്‍ കഴിഞ്ഞ മൂന്നുമാസമായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. സ്വകാര്യബസുകള്‍ കൂടുതലുള്ള മേഖലയില്‍ വന്ന ഈ കുറവ് ദുരൂഹമാണ്താനും.
കെഎസ്ആര്‍ടിസിയില്‍ കൊച്ചിയിലും ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടി ഒഴിവാക്കാന്‍ തുടങ്ങിയിട്ടുണ്ട്. പെരുമ്പാവൂരില്‍ ഡ്രൈവര്‍കം കണ്ടക്ടര്‍ തസ്തികയില്‍ ഉള്‍പ്പെട്ട ജീവനക്കാരോട് ഡ്രൈവര്‍ ഡ്യൂട്ടി മാത്രം ചെയ്താല്‍ മതിയെന്ന് നിര്‍ദേശിച്ചത് പ്രതിഷേധത്തിനിടയാക്കി. ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടി ഒഴിവാക്കുന്നത് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ വാദം. ഡ്രൈവര്‍മാരുടെ അധികജോലിഭാരം മൂലം അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ഹൈക്കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക സൃഷ്ടിച്ചത്.
ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്മാരെയായിരിക്കണം വിന്യസിക്കേണ്ടതെന്ന് നിര്‍ദേശിച്ച് ടോമിന് തച്ചങ്കരി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ തച്ചങ്കരിയെ നീക്കിയതിനു പിന്നാലെ ആ ഉത്തരവ് കാറ്റില്‍ പറത്തുകയാണ് എറണാകുളം ജില്ലയിലെ കെഎസ്ആര്‍ടിസി. ഡിപ്പോകളും. മുതിര്‍ന്ന കണ്ടക്ടര്‍മാരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് െ്രെഡവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടി ഒഴിവാക്കുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം.
അതേസമയം തച്ചങ്കരി ആഘോഷിച്ചുകൊണ്ടിറക്കിയ ചില് ബസ് സര്‍വീസുകളും അദ്ദേഹം കൂടൊഴിഞ്ഞതോടെ കഷ്ടത്തിലാണ്. കോഴിക്കോട്ടെ 35 എണ്ണത്തില്‍ 15 എണ്ണവും താല്‍ക്കാലികമായി സര്‍വീസ് അവസാനിപ്പിച്ചു. കലക്ഷന്‍ കുറവാണെന്ന് പേരു പറഞ്ഞാണ് ഒരു തകരാറും ഇല്ലാത്ത ബസുകള്‍ മാവൂര്‍ റോഡ് ടെര്‍മിനലില്‍ വിശ്രമിക്കുന്നത്. ശബരിമല സീസണില്‍ നിലയ്ക്കല്‍ പമ്പ റൂട്ടുകളില്‍ വിശ്രമമില്ലാതെ ഓടി ലാഭമുണ്ടാക്കിയ ചില്ബസുകളാണിവ. സീസണ് ശേഷം കോഴിക്കോട് തിരികെയെത്തിച്ച ബസുകള്‍ പഴയ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങിയെങ്കിലും അധിക ദിവസം നീണ്ടില്ല. കലക്ഷന്‍ കുറവാണെന്ന കാരണം പറഞ്ഞ് നിര്‍ത്തി. കാസര്‍കോട്, പാലക്കാട്, എറണാകുളം റൂട്ടുകളിലാണ് ഇവ സര്‍വീസ് നടത്തിയിരുന്നത്.എന്തായാലും തച്ചങ്കരിയുടെ പടിയിറക്കത്തോടെ എല്ലാം പഴയപടിയാകുകയാണെന്നാണ് വിവരം.