നിയാസ് മുസ്തഫ
പ്രിയങ്ക ഗാന്ധിക്കു പിന്നാലെ പ്രിയദര്‍ശിനി രാജെ സിന്ധ്യയും സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതായി സൂചന. മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യയാണ് പ്രിയദര്‍ശിനി. പ്രിയദര്‍ശിനി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ശക്തി പകരുമെന്ന തരത്തില്‍ ഏറെ നാളായി ചര്‍ച്ചകളുണ്ടായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കുവേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതു മാത്രമാണ് പ്രിയദര്‍ശിനിയുടെ രാഷ്ട്രീയത്തിലുള്ള ആകെ പരിചയം. പ്രിയദര്‍ശിനിയുടെ ലാളിത്യത്തെയും വിനയപൂര്വമായ പെരുമാറ്റത്തേയും പ്രകീര്‍ത്തിച്ചു കൊണ്ട് മധ്യപ്രദേശ് മന്ത്രി പ്രദ്യുമ്ന് സിംഗ് തോമര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതോടെയാണ് പ്രിയദര്‍ശിനി സജീവ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തില്‍ ചര്‍ച്ചകള്‍ മുറുകിയത്.
പ്രിയങ്കയുടെ വരവോടെ ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്കുണ്ടായ ഉണര്‍വ് പ്രിയദര്‍ശിനിയുടെ രാഷ്ട്രീയപ്രവേശനത്തോടെ മധ്യപ്രദേശിലും സാധ്യമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഗുണ ശിവപുരി ലോക്സഭാ മണ്ഡലം സിന്ധ്യ കുടുംബത്തിന്റെ ശക്തമായ സ്വാധീന വലയത്തിലാണ്.
2002 മുതല്‍ ജ്യോതിരാദിത്യ സിന്ധ്യയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഗുണ ശിവപുരിയില്‍ ഇത്തവണ പ്രിയദര്‍ശിനി മത്സരിക്കണമെന്ന് അഭിപ്രായമുയര്‍ന്നു കഴിഞ്ഞു. പ്രിയദര്‍ശിനി ഗുണ ശിവപുരിയില്‍ മത്സരിച്ചാല്‍ ജ്യോതിരാദിത്യ സിന്ധ്യ ഗ്വാളിയാറില്‍ നിന്ന് ജനവിധി തേടും. എന്നാല്‍ പ്രിയദര്ശിനിയോ ഭര്‍ത്താവ് ജ്യോതിരാദിത്യ സിന്ധ്യയോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയും എഐസിസി ജനറല്‍ സെക്രട്ടറി പദവും നല്കി പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് അടുത്തിടെയാണ്. പ്രയങ്കയുടെ വരവ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വലിയൊരു മേല്‍ക്കൈ നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
പ്രിയദര്‍ശിനി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നാല്‍ മധ്യപ്രദേശില്‍ സ്ത്രീ വോട്ടര്‍മാരിലും യുവജന വോട്ടര്‍മാരിലും ഏറെ സ്വാധീനമുണ്ടാക്കുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായം. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് പ്രിയദര്‍ശിനിയും ഭര്‍ത്താവ് ജ്യോതിരാദിത്യ സിന്ധ്യയുമാണ്.
2104ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 29 ലോക്സഭാ സീറ്റുകളുള്ള മധ്യപ്രദേശില്‍ രണ്ടു സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. എന്നാല്‍ അടുത്തിടെ നടന്ന നിയമസഭയില്‍ മധ്യപ്രദേശിന്റെ ഭരണം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിനു പിടിച്ചുവാങ്ങാന്‍ സാധിച്ചു. ഇത് സംസ്ഥാനത്തെ കോണ്‍ഗ്രസ് അനുകൂല വോട്ടുകളെ ഉണര്‍ത്തിയിട്ടുണ്ട്. പ്രിയദര്‍ശിനി കൂടി കടന്നുവന്നാല്‍ മധ്യപ്രദേശിലെ ബഹൂഭൂരിപക്ഷം സീറ്റുകളും കൈപ്പിടിയിലൊതുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്.