പാണാവള്ളി: ചേർത്തല പാണാവള്ളി പഞ്ചായത്തിലെ 15 ാം വാർഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ അനധികൃത കോഴ്ഫാമിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മനുഷ്യാവകാശ കമ്മീഷന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് വീണ്ടും തുറന്നു പ്രവർത്തിച്ച ഫാം അടച്ചുപൂട്ടിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ 18 ഓളം കുടുംബങ്ങൾ പഞ്ചായത്ത് അധികൃതർക്ക് വീണ്ടും പരാതി നൽകിയിരിക്കുകയാണ്.
പരാതി നൽകി ഒരാഴ്ച്ചയായിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അസഹനീയമായ ദുർഗന്ധവും പൊടിയും കാരണം ഒരു വർഷം മുൻപാണ് ഫാമിനോട് ചേർന്ന് താമസിക്കുന്ന പടിഞ്ഞാറെപുതിയേടത്ത് വീട്ടിൽ സുകുമാരനെ ഒന്നാം കക്ഷിയാക്കി സമീപവാസികൾ ആരോഗ്യമന്ത്രി, കളക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, പഞ്ചായത്ത് സെക്രട്ടറി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. സ്ഥാപനം അനധികൃതമായാണ് പ്രവർത്തിക്കുന്നത് എന്നുകാട്ടി സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 2018 മാർച്ച് 24ന് ഫാം അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട് കമ്മീഷൻ സ്റ്റോപ്പ് മെമ്മോ നൽകി.
ഇതേ തുടർന്ന് പത്ത് മാസത്തോളം അടച്ചുകിടക്കുകയായിരുന്ന ഫാം കഴിഞ്ഞ ജനുവരി 24ന് തുറന്നു പ്രവർത്തിക്കാനാരംഭിച്ചതാണ് ഇപ്പോഴുണ്ടായ പ്രശ്നം. സ്റ്റോപ്പ് മെമ്മോ നിലനിൽക്കുന്ന സ്ഥാപനത്തിൽ അർദ്ധരാത്രിയിൽ കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് സ്ഥാപനം പ്രവർത്തനം പുനരാരംഭിച്ചത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയും ഫാം പൂട്ടാൻ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടും പ്രദേശവാസികൾ പഞ്ചായത്ത് സെക്രട്ടറിക്കും ഹെൽത്ത് ഇൻസ്പെക്ടർക്കും ജനുവരി 31ന് വീണ്ടും പരാതി നൽകി.
എന്നാൽ ഇതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയില്ല. ജില്ലാ മലിനീകരണ ബോർഡിൽ നിന്നും പാണവള്ളി പഞ്ചായത്ത് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും അനുമതി കിട്ടിതിനാലാണ് ഫാം തുറന്നതെന്നാണ് ഉടമയുടെ വാദം.
ഈ സർട്ടിഫിക്കറ്റുകൾ കാട്ടി പഞ്ചായത്തിന്റെ ലൈസൻസിനായി ഇയാൾ അപേക്ഷിച്ചിട്ടുമുണ്ട്. എന്നാൽ മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ ഇപ്പഴും നിലനിൽക്കുന്നുണ്ടെന്നും സ്ഥാപനത്തിന് ലൈസൻസ് നൽകരുതെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. സ്ഥാപനം പൂട്ടാൻ അടിയന്തരമായി നടപടി കൈക്കൊണ്ടില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം ആരംഭിക്കുമെന്നും ഇവർ പറയുന്നു.