കണ്ണൂർ: അന്പലപ്പുഴ ജുഡീഷൽ മജിസ്ട്രേട്ട് കോടതി സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ മന്ത്രിക്കെതിരേ കേസെടുക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മന്ത്രി ജി. സുധാകരൻ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ ഗസ്റ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന പാർട്ടിയാണു സിപിഎം. നവോത്ഥാന സന്ദേശമുയർത്തി വനിതാ മതിൽ കെട്ടിയ പാർട്ടിയാണ്. സ്ത്രീകളുടെ മാന്യതയ്ക്കെതിരായി പ്രസ്താവന നടത്തിയ മന്ത്രി ജി. സുധാകരനെ കേരള സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
മന്ത്രിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നിരുത്തരവാദപരമായ പ്രസ്താവന നടത്തി കുപ്രസിദ്ധി നേടിയ ആളാണു മന്ത്രി. മജിസ്ട്രേട്ടിനെ കൊഞ്ഞാണൻ മജിസ്ട്രേട്ട് എന്ന് മുന്പു വിളിച്ചുപറഞ്ഞിട്ടുണ്ട്. എവിടെയും ആരേയും സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കുന്ന സ്വഭാവമാണു മന്ത്രിക്ക്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമായ യുവതിയാണ് ഈ ഗൗരവമേറിയ പ്രശ്നം കോടതിയിലെത്തിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മന്ത്രി ജി. സുധാകരനെ രാജിവയ്പിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. ഇത് കേരള സമൂഹത്തിന്റെ പൊതുവികാരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.