കോഴിക്കോട്: മുംബൈയില്‍ നിന്നും നികുതിവെട്ടിച്ച് കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങള്‍ സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സ് സര്‍ക്കാറിലേക്ക് കണ്ടുകെട്ടും. ഉടമസ്ഥന് ജിഎസ്ടി വിഭാഗം മുമ്പാകെ ഹാജരാകാത്ത സാഹചര്യത്തിലാണ് പിടികൂടിയ 5.720 കിലോഗ്രാം സ്വര്‍ണം സര്‍ക്കാറിലേക്ക് കൈമാറാന്‍ തീരുമാനിച്ചത്. ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നോട്ടീസ് അയച്ച് രണ്ടാഴ്ചക്കുള്ളില്‍ നികുതിയും നിശ്ചിത തുക പിഴയും ഈടാക്കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ ഉടമസ്ഥരുടെ ഭാഗത്തു നിന്നും വേണ്ടത്ര ഇടപെടല്‍ ഉണ്ടായിട്ടില്ല. ഇത്രയും തുക പിഴയായി ഇടാക്കാന്‍ ഉടമസ്ഥര്‍ എത്തില്ലെന്നാണ് സെന്‍ട്രല്‍ ജിഎസ്ടിയും കരുതുന്നത്.ഒരു കോടി എണ്‍പത് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റെ നികുതിയും വിലയുടെ രണ്ടു ശതമാനം പിഴയുമാണ് ഉടമസ്ഥര്‍ അടയ്ക്കേണ്ടത്. അല്ലാത്ത പക്ഷം സ്വര്‍ണം കൊണ്ടുവന്ന ആള്‍ക്കും പിഴയും നികുതിയും അടച്ച് സ്വര്‍ണം സ്വന്തമാക്കാം.
നികുതിയും സ്വര്‍ണത്തിന്റെ വിലയുടെ 50 ശതമാനവുമാണ് അടയ്ക്കേണ്ടത്. എന്നാല്‍ ഇവര്‍ ഇത് അടയ്ക്കുവാന്‍ തയാറാല്ലെന്നാണ് ജിഎസ്ടി വിഭാഗത്തിന് ലഭിച്ച വിവരം. ഇക്കഴിഞ്ഞ ജനുവരി 30 നാണ് ആര്‍പിഎഫ് സ്വര്‍ണവുമായി രാജസ്ഥാന് സ്വദേശി റാണജിത് സിംഗിനെ പിടികൂടിയത്.
പിന്നീട് സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറുകയായിരുന്നു. രണ്ടു കോടി രൂപയ്ക്കു മുകളിലുള്ള സ്വര്‍ണമാണെങ്കില്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്താനാവൂ. ഇതേതുടര്‍ന്ന് ഇയാളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച ശേഷം വിട്ടയച്ചിരുന്നു. അതേസമയം നികുതി വെട്ടിപ്പു നടത്തുന്ന വന്‍ സംഘത്തിലുള്‍പ്പെട്ടയാളാണ് റാണാജിത് സിംഗ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം.
ഇയാളുടെ സംഘത്തിലുള്‍പ്പെട്ടവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്യുകയും സ്വര്‍ണക്കട്ടികള്‍ വാങ്ങുകയും ചെയ്യുന്നുണ്ടത്ര. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സ് അന്വേഷണം നടത്തും.