2008ല്‍ ഐ.എഫ്.ഡി.പി പിരിച്ച് വിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ചത് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പി.സി തോമസ്. കെ.എം മാണിയുമായി തെറ്റിപ്പിരിഞ്ഞ് കേരളകോണ്‍ഗ്രസ് വിട്ട പി സി തോമസ് പിന്നീട് ദേശീയ തലത്തില്‍ പാര്‍ട്ടിയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പപ്പുയാദവ് അടക്കമുള്ള സ്വതന്ത്ര എംപിമാരുമായി ചേര്‍ന്ന് ഐ.എഫ്.ഡി.പി രൂപീകരിച്ചത്.
എന്നാല്‍ പിന്നീട് പാര്‍ട്ടി പിരിച്ചുവിടാനുള്ള ആലോചനയുണ്ടായപ്പോഴാണ് പി.സി തോമസ് എല്‍.കെ അദ്വാനിയെ സമീപിച്ചത്. കേരളകോണ്‍ഗ്രസിലേക്ക് ക്ഷണമുണ്ടെന്ന കാര്യം അറിയിച്ചപ്പോള്‍ അദ്വാനി തടയുമെന്നാണ് കരുതിയത്. എന്നാല്‍ എന്‍.ഡി.എയുമായുള്ള ബന്ധം ഉപേക്ഷിച്ച് കേരളകോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന മറുപടിയാണ് ലഭിച്ചതെന്നും അത് തന്നെ വിഷമിപ്പിച്ചെന്നും പി.സി തോമസ് മീഡിയ വണ്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
ഇടക്കാലത്ത് ജോസഫുമായി പിണങ്ങിയ പി.സി തോമസ് വീണ്ടും എന്‍.ഡി.എയില്‍ തിരികെയെത്തുകയായിരുന്നു. ഇപ്പോള്‍ എന്‍.ഡി.എയില്‍ സജീവമാണ് പി.സി തോമസ്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് എന്‍.ഡി.എയില്‍ മൂന്ന് സീറ്റ് ചോദിച്ചെന്ന് പി.സി തോമസ് അടുത്തിടെ പറഞ്ഞിരുന്നു. കോട്ടയം, വയനാട്, ഇടുക്കി സീറ്റുകളോ വേണം. ഇടുക്കി ഇല്ലെങ്കില്‍ ചാലക്കുടി വേണമെന്നും പി.സി തോമസ് ആവശ്യപ്പെട്ടു
കെ. എം മാണി കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ അമരക്കാരന് അതായിരുന്നു ഒരു കാലത്ത് പി.ടി ചാക്കോയുടെ മകന് പി.സി തോമസ്. 1989 മുതല്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ലോക്സഭയിലേക്ക്. പാര്‍ട്ടിയില്‍ പിന്‍ഗാമി മകനാകണമെന്ന് കെ.എം മാണി തീരുമാനിച്ചപ്പോള്‍ പി.സി ഇടഞ്ഞു.
2004ല്‍ മൂവാറ്റുപുഴ ജോസ് കെ. മാണിക്ക് നല്കാന് തീരുമാനിച്ചതോടെ പി.സി തോമസ് പാര്‍ട്ടി വിട്ട് ഒറ്റയ്ക്ക് മത്സരിച്ചു. പിന്തുണയ്ക്കാന്‍ എന്‍.ഡി.എയും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം ഇസ്മായിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിയും തോറ്റു. പി.സി തോമസിന് 529 വോട്ടിന്റെ ഭൂരിപക്ഷം.