ഇരിട്ടി: വൈദ്യുത ലൈനില്‍ നിന്നും വീടിന്റെ ഗ്രില്‍സിലേക്ക് വയര്‍ ഘടിപ്പിച്ച് ഇരിട്ടിയില്‍ വ്യാപാരിയെയും കുടുംബത്തെയും കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഇരിട്ടി എസ്ഐ പി.എം. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
ഇരിട്ടിയിലെ കൈരളി സ്റ്റോര്‍ ഉടമ പയഞ്ചേരിയിലെ പുതിയപറമ്പന്‍ അബ്ദുള്ളക്കുട്ടിയെ ആണ് വീട്ടുമുറ്റത്തെ വൈദ്യുതപോസ്റ്റിലെ ലൈനില്‍ നിന്നും വീട്ടുവരാന്തയിലെ ഗ്രില്‍സിലേക്ക് വയര്‍ ഘടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഇരിട്ടി ഡിവൈഎസ്പി സാജു കെ.ഏബ്രഹാം, സിഐ രാജീവന് വലിയവളപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് അന്വേഷണ സംഘം യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ഉണര്‍ന്ന അബ്ദുള്ളക്കുട്ടിക്ക് ഗ്രില്‍സ് തുറക്കാന്‍ ശ്രമിക്കവേ ഷോക്കേല്‍ക്കുകയായിരുന്നു. ഇറയത്തെ റബര്‍ കാര്‍പ്പെറ്റില്‍ നിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. വൈദ്യുതി വകുപ്പ് അധികൃതര്‍ ലൈന്‍ ഓഫാക്കി വീട്ടുമുറ്റത്തിന് സമീപത്തെ പോസ്റ്റിലെ ലൈനില്‍ ഘടിപ്പിച്ച വയറുകള്‍ വിച്ഛേദിക്കുകയായിരുന്നു.
വൈദ്യുതി വകുപ്പ് ഉപയോഗിക്കുന്ന സര്‍വീസ് വയറാണ് ഉപയോഗിച്ചിരുന്നത്. ഈ വയറുകള്‍ അയല്പക്കത്തെ വീട്ടില്‍ ഉപയോഗിക്കാതെ കിടന്നത് കളവ് ചെയ്ത് അബ്ദുള്ളക്കുട്ടിയെ വധിക്കാനായി ലൈനില്‍ ഘടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.