തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണർ എൻ. വാസു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് നിലപാട് തന്നെയാണ് സുപ്രീകോടതിയിൽ അറിയിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും കമ്മീഷണർ പറഞ്ഞു.
സുപ്രീംകോടതി വിധി അനുസരിച്ചുള്ള നിലപാടാണ് ബോർഡ് സ്വീകരിച്ചത്. കോടതി വിധി വന്ന സാഹചര്യത്തിൽ അത് അനുസരിച്ച് പ്രവർത്തിക്കാൻ ബോർഡിന് ബാധ്യതയുണ്ട്. യുവതീ പ്രവേശനത്തെ അനുകൂലിച്ചോ വിയോജിച്ചോ സുപ്രീംകോടതിയിൽ ബുധനാഴ്ച വാദം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സാവകാശ ഹർജിയിൽ കഴിഞ്ഞ ദിവസം വാദം നടന്നിട്ടില്ല. പുനഃപരിശോധന ഹർജികളിൽ മാത്രമാണ് വാദം നടന്നത്. മണ്ഡലകാലത്തിന് മുൻപാണ് ബോർഡ് സാവകാശം തേടിയത്. ഇനി വിധി നടപ്പാക്കാൻ സാവകാശം വേണമോ എന്ന് തീരുമാനിക്കേണ്ടത് ബോർഡാണെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ തന്നോട് വിശദീകരണം തേടിയിട്ടില്ല. പ്രസിഡന്റ് പറയാത്ത ഒരു കാര്യവും കോടതിയിൽ പറഞ്ഞിട്ടില്ലെന്നും കോടതിയിലെ വാദങ്ങൾ സംബന്ധിച്ച് താൻ പത്മകുമാറിന് വിശദീകരണം നൽകുമെന്നും വാസു കൂട്ടിച്ചേർത്തു.