കന്പോളത്തിനു സന്തോഷം, സർക്കാരിനു സന്തോഷം. അതുകൊണ്ടു ശക്തികാന്ത ദാസിനും സന്തോഷം. എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നതായി ഇന്നലെ റീപോനിരക്ക് കുറച്ചത്. വിലക്കയറ്റ നില അനുകൂലം (ഡിസംബറിൽ ഉപഭോക്തൃ വിലക്കയറ്റം 2.2 ശതമാനം മാത്രം) ആയ നിലയ്ക്ക് റിസർവ് ബാങ്കിന്റെ സമീപനം മാറുമെന്ന് എല്ലാവരും കരുതി. പടിപടിയായി പലിശ കൂട്ടുക എന്നതായിരുന്നു ഇതുവരെ സമീപനം. അത് ഇത്തവണ നിഷ്പക്ഷം ആക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നിട്ട് ഏപ്രിലിൽ നിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്നു പ്രതീക്ഷിച്ചു.
പക്ഷേ, റിസർവ് ബാങ്ക് ഗവർണർ ദാസിനു വേറെ ആവശ്യങ്ങൾ ഉണ്ടായിരുന്നു. കന്പോളവും സർക്കാരും സന്തോഷിക്കണം. കന്പോളത്തെ സന്തോഷിപ്പിക്കാനാണല്ലോ ദാസിനെ സർക്കാർ ഈ പദവിയിൽ നിയമിച്ചത്. അത് അദ്ദേഹം നിറവേറ്റി.
എതിർവാദങ്ങൾ
പലിശനിരക്ക് കുറയ്ക്കൽ നേരത്തേ ആയിപ്പോയെന്നു പലരും ന്യായമായും കരുതുന്നു. ഭക്ഷ്യ-ഇന്ധന വിലകളിലെ കുറവാണ് ചില്ലറ വിലക്കയറ്റം കുറയാൻ കാരണം. പക്ഷേ ഫാക്ടറി ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും നിരക്ക് കൂടുകതന്നെയാണ്. അവ താഴോട്ടു പോന്നിട്ടില്ല. ഭക്ഷ്യ-ഇന്ധന വിലകളാകട്ടെ ഏതവസരത്തിലും തിരിച്ചുകയറാം.
കേന്ദ്രബജറ്റ് ഉയർന്ന ധനകമ്മി വിഭാവന ചെയ്യുന്നു. അത് കടപ്പത്ര വിപണിയിൽ പലിശ കൂടാൻ ഇടയാക്കും. ബജറ്റാണെങ്കിൽ വലിയ തോതിൽ പണമൊഴുക്കുന്നതാണ്. അതു പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാകാം.
ഈ ഗൗരവമുള്ള കാര്യങ്ങൾ നോക്കിയാൽ സന്തോഷിപ്പിക്കാനുള്ള ആദ്യ അവസരം നഷ്ടമാകും. അതുകൊണ്ട് വേഗം നിരക്കു കുറച്ചു.
ഇനിയും കുറയ്ക്കും
എന്നു മാത്രമല്ല ഒന്നോ രണ്ടോ തവണകൂടി നിരക്ക് കുറയ്ക്കുമെന്ന സൂചനയും ദാസ് നല്കി. സാന്പത്തിക വളർച്ച ത്വരിതപ്പെടുത്താൻ നിർണായക തീരുമാനമെടുക്കേണ്ട അവസരമാണിതെന്നു ദാസ് പറഞ്ഞതിലെ സൂചന അതാണ്.
വിധേയപൂർവം
ഗവൺമെന്റിന്റെ ആവശ്യങ്ങൾക്കു വഴങ്ങുന്നതിൽ ഒരു മടിയും തനിക്കില്ലെന്നും ദാസ് ഇന്നലെ തുറന്നുപറഞ്ഞു. റിസർവ് ബാങ്ക് കഴിഞ്ഞ രണ്ടു സാന്പത്തിക വർഷങ്ങളിൽ കരുതൽ ശേഖരത്തിലേക്കു മാറ്റിയ തുക ലാഭവീതമായി കേന്ദ്രം ആവശ്യപ്പെട്ടത് നല്കാൻ ദാസ് തീരുമാനിച്ചു. റിസർവ് ബാങ്കിന്റെ ഓഡിറ്റ് കമ്മിറ്റി അതു ശരിവച്ചു. 18നു ചേരുന്ന കേന്ദ്ര ബോർഡിന്റെ അംഗീകാരത്തോടെ പണം കേന്ദ്രത്തിനു നല്കും. 28,000 കോടി രൂപയാണ് ഇങ്ങനെ നല്കുക.
ഇനി അറിയാനുള്ളത് ബിമൽ ജലാൻ കമ്മിറ്റിയുടെ റിപ്പോർട്ടിനുശേഷം റിസർവ് ബാങ്കിന്റെ പഴയ കരുതൽ ശേഖരം ഉപയോഗിക്കാൻ കേന്ദ്രത്തെ അനുവദിക്കുമോ ഇല്ലയോ എന്നാണ്.
വളർച്ച മെച്ചമല്ല
സാന്പത്തിക വളർച്ച സംബന്ധിച്ച് റിസർവ് ബാങ്ക് വലിയ ആവേശം കാണിക്കുന്നില്ല. ഈ സാന്പത്തിക വർഷം 7.4 ശതമാനമാണു ബാങ്ക് പ്രതീക്ഷിച്ചിരുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) അതു 7.2 ശതമാനമാക്കി താഴ്ത്തി. അടുത്ത വർഷത്തേക്ക് 7.4 ശതമാനമാണു ബാങ്കിന്റെ വളർച്ച പ്രതീക്ഷ.മൂലധനനിക്ഷേപം കാര്യമായി വർധിക്കുമെന്ന പ്രതീക്ഷ റിസർവ്ബാങ്കിനുപോലുമില്ല എന്നു വ്യക്തം.
അതിനാൽ ഇപ്പോൾ പലിശനിരക്ക് കുറയ്ക്കുന്നതു കൂടുതൽ വായ്പയെടുക്കാൻ സംരംഭകരെ പ്രേരിപ്പിക്കും എന്നു പ്രതീക്ഷിക്കാനാവില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു രാഷ്ട്രീയ സ്ഥിരത ഉണ്ടാിയിട്ടേ സംരംഭകർ എന്തിനെങ്കിലും മുതിരൂ.
ബാങ്കുകൾ പലിശ കുറച്ചാൽ ഭവനവായ്പകളും വാഹനവായ്പകളും കുറയാം. പക്ഷേ ബാങ്കുകൾ ഇപ്പോൾ അതിനു മുതിരുമെന്ന് അധികം പേർ കരുതുന്നില്ല.
റ്റി.സി. മാത്യു