ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി…; മോഹൻലാലിൻ്റെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി കെ ആര്‍ പിള്ള ഇന്ന് ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ ദുരിതക്കയത്തില്‍

ശോഭരാജ്, അമൃതംഗമയ, ഒരു യുഗസന്ധ്യ, ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി.. തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളുടെ നിർമ്മാതാവ് ഇന്ന് ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ ദുരിതക്കയത്തിലെന്ന് റിപ്പോർട്ടുകൾ. ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ  ചിത്രങ്ങൾ നിർമ്മിച്ചിരുന്ന പി കെ ആര്‍ പിള്ള എന്ന വ്യവസായിയാണ് ജീവിതസായാഹ്നത്തിൽ കഷ്ടപ്പെടുന്നത്. മലയാള സിനിമയില്‍ ബോക്‌സ്‌ഓഫീസ് റെക്കോഡുകള്‍ തിരുത്തിയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടുകളിൽ പിറന്ന പ്രമുഖ ചിത്രങ്ങളുടെ നിർമ്മാതാവാണ്  അദ്ദേഹം.

ഒരുകാലത്ത് തരംഗമായ മോഹൻലാലിൻറെ പ്രമുഖ ചിത്രങ്ങൾ എല്ലാം നിർമിച്ചത് ഇദ്ദേഹമാണ്. കലാമൂല്യവും ജനപ്രിയതയും ഒത്തുചേര്‍ന്ന 22 ഓളം സിനിമകളാണ്  അദ്ദേഹം സ്വന്തമായി നിർമ്മിച്ചത്. എന്നാൽ അതേ നിർമ്മാതാവ് ഇന്ന് ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ ദുരിതക്കയത്തില്‍ കഴിയുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സിനിമാ നിര്‍മ്മാതാവ് സജി നന്ദ്യാട്ട് നിര്‍മ്മാതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പിള്ളയുടെ കഥ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. തൃശൂര്‍ പീച്ചിയിലെ വീട്ടിലാണ് പി കെ ആര്‍ പിള്ള, 85-ാം വയസ്സില്‍ ഓര്‍മ്മ നശിച്ച്‌ ദുരിതജീവിതം തള്ളിനീക്കുന്നത്.

ഇന്ത്യയിലെ വമ്ബന്‍ നഗരങ്ങളിലെല്ലാം കച്ചവട സാമ്രാജ്യങ്ങള്‍ ഉണ്ടായിരുന്ന, അറിയപ്പെടുന്ന വ്യവസായി കൂടിയായ പിള്ളയുടെ ബിസിനസ് സാമ്രാജ്യം അടുപ്പക്കാരായ പലരും കൈയടക്കിയതോടെയാണ് പ്രതാപകാലം മങ്ങിയതെന്നാണ്  സൂചനകൾ. കൊച്ചിയിലടക്കം കൈവശമുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങള്‍ പലതും ഇപ്പോള്‍ മറ്റു പലരുടെയും കൈകളിലായെന്നും പറയപ്പെടുന്നു.

Related posts