കോട്ടയം: കെഎസ്ആർടിസിയിൽ എംപാനൽ ജീവനക്കാരെ പുറത്താക്കുന്ന കോടതി നടപടിപോലും മുൻ എംഡി ടോമിൻ ജെ. തങ്കച്ചരി ബോധപൂർവം സൃഷ്ടിച്ചതാണെന്നു സംശയിക്കുന്നതായി കെഎസ്ആർടി എംപ്ലോയീസ് അസോസിയേൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആറുമാസം കിട്ടിയാൽ എല്ലാം ശരിയാക്കുമെന്ന് പറയുന്നത് തെറ്റാണ്. തച്ചങ്കരി എത്രശ്രമിച്ചാലും കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാൻ ജനങ്ങൾ സമ്മതിക്കില്ലെന്നും വൈക്കം വിശ്വൻ പറഞ്ഞു. കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാനുള്ള എല്ലാ നീക്കവും ജനങ്ങൾ എതിർക്കും. ശന്പളം 25 വർഷത്തിനിടെ ഇപ്പോഴാണ് കൊടുത്തുവെന്ന് പറയുന്നത് പച്ചക്കള്ളമാണ്.
ശബരിമല സ്പെഷൽ സർവീസിന്റെ വരുമാനത്തിന്റെ പ്രതിഫലനമാണു മറ്റു മാസങ്ങളിൽനിന്ന് വ്യത്യസ്തമായി ശന്പളം നൽകാനായത്. കെഎസ്ആർടിസി തൊഴിലാളികളും യൂണിയൻ നേതാക്കളും പണിയെടുത്താണ് വരുമാന നേട്ടമുണ്ടാക്കിയത്. ഇത് ഹൈക്കോടതി നിരീക്ഷണസമിതിയും സമ്മതിച്ചിട്ടുണ്ട്.
സ്വകാര്യമേഖലയിലേക്ക് ഒന്നൊന്നായി കൊടുക്കാനുള്ള നീക്കത്തെയും ഇല്ലാത്ത കണക്കുകൾ പ്രചരിപ്പിച്ച് സ്ഥാപനത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തെയുമാണ് യൂണിയൻ എതിർത്തതെന്നും വൈക്കം വിശ്വൻ പറഞ്ഞു.