കറുകച്ചാൽ: ബസ് സ്റ്റാൻഡിലെ തിരക്കിനിടയിൽ കാണാതായ പന്ത്രണ്ടുകാരനെ തേടി അമ്മയും പോലീസും. വിവരമറിഞ്ഞ് ബന്ധുക്കളും സ്ഥലത്തെത്തി തെരച്ചിൽ. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ബൈക്ക് യാത്രക്കാരനു മുന്നിൽ ലിഫ്റ്റ് ചോദിച്ചെത്തിയ ബാലനെ വീട്ടുകാർക്ക് തിരിച്ചുകിട്ടി. മാതാപിതാക്കൾ കണ്ണീർ പൊഴിച്ചിരിക്കുന്പോൾ സന്തോഷ വാർത്തയുമായി പോലീസ് എത്തി.
രക്ഷകനായ ബൈക്ക് യാത്രക്കാരന് നന്ദിപറഞ്ഞ് ഹരികൃഷ്ണന്റെ കുടുംബം. മാന്തുരുത്തി ആഴാംചിറ സിന്ധുവും മകൻ ഹരികൃഷ്ണനും കഴിഞ്ഞ ദിവസം രാവിലെ ഒൻപതിനാണ് കോട്ടയത്ത് ആശുപത്രിയിൽ പോയത്. തിരക്കിനിടയിൽ നാഗന്പടത്ത് നിന്നും ഹരികൃഷ്ണന് വഴി തെറ്റി. അമ്മയും മകനും രണ്ടു വഴിക്കായി.
ഹരികൃഷ്ണനെ കാണാതായതോടെ സിന്ധു കോട്ടയം നഗരത്തിൽ ഉടനീളം അന്വേഷിച്ചു. കാര്യം തിരക്കിയ നാട്ടുകാർ ചേർന്ന് വിവരം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് പോലീസിന്റ നേതൃത്വത്തിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. ഹരികൃഷ്ണന്റ അടയാളമടക്കം തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. മകനെ കാണാതായതോടെ സിന്ധുവും അച്ഛൻ പ്രമോദും ബന്ധുക്കളുമെത്തി അന്വേഷണം നടത്തി.
ഒടുവിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെ കോട്ടയത്തു നിന്നും കറുകച്ചാലിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികനായ കറുകച്ചാൽ സ്വദേശി കിരണിന്റ ബൈക്കിന്് ഹരികൃകൃഷ്ണൻ കൈകാട്ടി. കാര്യം തിരക്കിയപ്പോൾ മാന്തുരുത്തി സ്വദേശിയാണന്നും അമ്മയോടൊപ്പം കോട്ടയത്ത് എത്തിയപ്പോൾ വഴി തെറ്റിയെന്നും പറഞ്ഞു.
വീട്ടിൽ പോകുവാൻ മാർഗമില്ലന്നും അറിയിച്ചു. വിവരം ഉടൻ തന്നെ കിരണ്‍ കറുകച്ചാൽ പോലീസിൽ അറിയിച്ചു. പോലീസിന്റ നിർദ്ദേശ പ്രകാരം കിരണ്‍ ഹരികൃഷ്ണനെ കറുകച്ചാൽ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി കുട്ടിയെ വിട്ടയച്ചു.