ആറന്മുള:പാർട്ടി ആവശ്യപ്പെടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റു സ്ഥാനത്തുനിന്ന് താൻ രാജിവയ്ക്കില്ലെന്ന് എ. പത്മകുമാർ. പാർട്ടി നേതൃത്വം ഇതേവരെ രാജി ആവശ്യപ്പെട്ടിട്ടില്ല. എല്ലാ കാര്യങ്ങളും പാർട്ടി നേതൃത്വവുമായി ആലോചിക്കുന്നുണ്ടെന്നും പത്മകുമാർ രാഷ്ട്രദീപികയോടു പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റു സ്ഥാനം ലക്ഷ്യമിട്ടു പലരും രംഗത്തുണ്ട്. ഇപ്പോഴത്തെ പ്രചാരണങ്ങൾക്കു പിന്നിലും അവരാണ്. സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഇക്കാര്യത്തിൽ കമ്മീഷണർ പറയുന്നത് ശരിയല്ല. യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോർഡ് പ്രമേയം ഒന്നും പാസാക്കിയിട്ടില്ല.
ഇതേക്കുറിച്ച് പിന്നീടു പ്രതികരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. എൻ. വാസു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കമ്മീഷണറാണ്. അദ്ദേഹത്തിന്റേതായി ഒരു നിലപാടെടുക്കാനാകില്ല. ബോർഡ് യോഗം കൂടി ആലോചിച്ചുള്ളതാകാണം കമ്മീഷണർ പറയേണ്ടതെന്ന് പത്മകുമാർ പറഞ്ഞു.
അടുത്ത നവംബർവരെ എ. പത്മകുമാറിനു പ്രസിഡന്റായി തുടരാനാകും. പ്രസിഡന്റ് സ്വന്തംനിലയിൽ രാജി നൽകുന്നില്ലെങ്കിൽ പിരിച്ചുവിടാനൊന്നും സർക്കാരിനാകില്ല. എന്നാൽ ഇപ്പോഴത്തെ നിലയിൽ പത്മകുമാർ തുടരുന്നതിനോടു മുഖ്യമന്ത്രി അടക്കമുള്ളവർക്ക് വിയോജിപ്പുള്ളതായി സൂചനയുണ്ട്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമായ എം. രാജഗോപാലൻ നായരെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാനുള്ള നീക്കമാണ് സജീവമായിട്ടുള്ളത്.
കമ്മീഷണർ എൻ. വാസു റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമാകും. നിലവിൽ കമ്മീഷണറുടെ കാലാവധി നീട്ടിനൽകിയിരിക്കുകയാണ്. ഹൈക്കോടതി ഇടപെട്ടാണ് കാലാവധി നീട്ടിയിട്ടുള്ളത്. അതേസമയം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിച്ച നിലപാട് പത്മകുമാറിനെ പ്രകോപിപ്പിച്ചതായാണ് അറിയുന്നത്.
വിധിയുമായി ബന്ധപ്പെട്ട് സാവകാശ ഹർജിയുമായി കോടതിയിലെത്തിയ ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജിയുടെ പരിഗണനാവേളയിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ച് നിലപാടെടുത്തത് തന്റെ അറിവോടെയല്ലെന്ന് പത്മകുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇത്തരമൊരു നിലപാട് എടുത്തതു സംബന്ധിച്ച് കേസിന്റെ കാര്യങ്ങളുമായി ഡൽഹിയിലേക്കു നിയോഗിച്ച കമ്മീഷണർ എൻ. വാസുവിൽ നിന്നു പത്മകുമാർ വിശദീകരണം തേടി. എന്നാൽ ഇത്തരത്തിൽ വിവാദമുണ്ടാക്കിയതിനെ പാർട്ടി നേതൃത്വം പിന്തുണയ്ക്കുന്നില്ല.
മുഖ്യമന്ത്രിക്കും ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചതായി പറയുന്നു. സിപിഎം നേതാവ് പ്രസിഡന്റായ ദേവസ്വം ബോർഡിന് സർക്കാർ നിലപാടിനു വിരുദ്ധമായി മുന്പോട്ടു പോകാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സൂചിപ്പിച്ചിരുന്നു.