വാഗമണിൽനിന്നു കാഞ്ഞിരപ്പള്ളിയിലേക്കു നിർത്താതെ ഒരു പറക്കൽ! ഹെലികോപ്ടറിൽ ആണെന്നു തെറ്റിദ്ധരിക്കരുത് , ഒരു പാരാഗ്ലൈഡറിലായിരുന്നു ഈ സാഹസിക യാത്ര. ഫ്ലൈ വാഗമൺ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആകാശയാത്ര നടത്തിയതിന്റെ റിക്കാർഡും ഏന്തയാർ സ്വദേശി ജോബിൻ സെബാസ്റ്റ്യൻ പോക്കറ്റിലാക്കി.
കേരള ടൂറിസം ആൻഡ് യൂത്ത് വെൽഫയർ ബോർഡിന്റെ അംഗീകാരത്തോടെ ഇടുക്കിയിലെ വാഗമണിൽ പ്രവർത്തിക്കുന്ന പാരാഗ്ലൈഡിംഗ് ക്ലബായ ഫ്ലൈ വാഗമൺ അംഗമാണ് ജോബിൻ.
കഴിഞ്ഞ ദിവസമായിരുന്നു ജോബിന്റെ സാഹസിക പ്രകടനം. വാഗമൺ മലനിരകളിൽനിന്നു ഗ്ലൈഡറിൽ പറന്നുതുടങ്ങി. സമുദ്രനിരപ്പിൽനിന്ന് 2,500 മീറ്റർ ഉയരത്തിലായിരുന്നു പ്രയാണം. നീലാകാശത്തിൽ റബർ കാടുകൾക്കും മലനിരകൾക്കും മീതെ വട്ടമിട്ട് ഒന്നര മണിക്കൂർകൊണ്ട് ഏകദേശം 50 കിലോമീറ്റർ ആകാശ ദൂരം ചുറ്റിക്കറങ്ങി ജോബിൻ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിന്റെ ഗ്രൗണ്ടിലാണ് പറന്നിറങ്ങിയത്. വാഗമണിൽനിന്നു തുടക്കമിടുന്പോൾ പരുന്തുംപാറയിൽ പോയി തിരികെ വരികയായിരുന്നു ആദ്യ ലക്ഷ്യമെന്നു ജോബിൻ ദീപികയോടു പറഞ്ഞു.
എന്നാൽ, കാലാവസ്ഥ അനുകൂലമാണെന്നു കണ്ടതോടെ കൂടെ ഗ്ലൈഡിംഗ് നടത്തിയ ഉത്തരേന്ത്യൻ സ്വദേശി ടോഷിയോടു മുണ്ടക്കയത്തേക്കു പറന്നാലോയെന്നു ചോദിച്ചു. മുണ്ടക്കയം ബോയിസ് എസ്റ്റേറ്റിലെ റബർ മരങ്ങൾ വെട്ടിമാറ്റിയത് അറിയാവുന്നതിനാൽ അവിടെ സുരക്ഷിതമായി ഇറങ്ങാമെന്ന് ജോബിൻ ടോഷിയോടു പറഞ്ഞു. ടോഷിയും സമ്മതിച്ചതോടെ ഗ്ലൈഡർ അവിടേക്കു പറത്തി.
അവിടെ എത്തിയപ്പോഴും അനുകൂലമായ അന്തരീക്ഷം. എങ്കിൽ പിന്നെ കാഞ്ഞിരപ്പള്ളിയിലേക്കു പറന്നാലോയെന്നായി ആലോചന. ടോഷിക്കും സമ്മതം. അങ്ങനെ കാഞ്ഞിരപ്പള്ളി ലക്ഷ്യമാക്കി. ഏകദേശം ഒന്നര മണിക്കൂറാണ് പാരാ ഗ്ലൈഡറിൽ പറന്നത്. മണിക്കൂറിൽ 20 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു സഞ്ചാരം. ഒടുവിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് ഗ്രൗണ്ടിൽ സുരക്ഷിതമായ ലാൻഡിംഗ്.
10 വർഷമായി പാരാഗ്ലൈഡിംഗ് നടത്തുന്ന ജോബിൻ ഇതിനോടകം 1,500 മണിക്കൂറിലേറെ പറന്നിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പാരാഗ്ലൈഡിംഗ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന പ്രി വേൾഡ്കപ്പ് ക്യാറ്റ് ടു അക്യുറസി ചാന്പ്യൻഷിൽ ടീം ബേസിൽ ഒന്നാമതായും വ്യക്തിഗത ഇനത്തിൽ ഏഴാമതായും പൂർത്തീകരിച്ചു. ഇന്റർനാഷണൽ ക്രോസ്കൺട്രി ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പരിശീലന ഭാഗമായിട്ടാണ് ഇപ്പോൾ ദീർഘദൂര പറത്തൽ നടത്തുന്നത്.
കഴിഞ്ഞ ഒളിന്പിക്സിൽ പാരാഗ്ലൈഡിംഗ് ഒരു മത്സര ഇനമായിരുന്നെങ്കിലും ഇന്ത്യയിൽനിന്ന് ആരും പങ്കെടുത്തില്ല. അടുത്ത വർഷങ്ങളിൽ നടക്കുന്ന പരിശീലന പറക്കലുകളിൽ പങ്കെടുത്ത് ഇന്ത്യയിൽനിന്നുള്ള മത്സരാർഥിയായി ഒളിന്പിക്സിൽ പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ടാൻഡം പൈലറ്റുകൂടിയായ (മുൻ പരിചയമില്ലാത്തവരെ ഒപ്പംകൂട്ടി പറക്കുന്ന) ഈ യുവ സാഹസികൻ.
ഏന്തയാർ അയിലൂക്കുന്നേൽ ജോയി – തങ്കമ്മ ദന്പതികളുടെ മകനാണു ജോബിൻ. സഹോദരങ്ങളായ ജോസിൻ, ജോസ്മിൻ എന്നിവർ ഉറച്ച പിന്തുണയുമായി ജോബിനൊപ്പമുണ്ട്.
ജോജി തോമസ്