പാലക്കാട്: കഞ്ചിക്കോട്ട് ടർപ്പന്റൈൻ നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 60 ലക്ഷം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തൽ. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ക്ലിയർലാഗ് എന്ന കന്പനിയിൽ തീപിടിത്തമുണ്ടായത്. കന്പനി പൂർണ്ണമായും കത്തിനശിച്ചു.
തൃശൂർ നടത്തറ സ്വദേശി ലാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് കന്പനി. തീപ്പിടുത്തത്തിൽ പാറ കൂളിയോട് സ്വദേശിനിയായ അരുണ (43) യ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. അറുപത് ശതമാനം പൊള്ളലേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്ടറിയിൽ ലോഡ് കയറ്റാൻ വന്ന ലോറിയും കത്തിനശിച്ചു.
ടർപ്പന്റൈൻ കയറ്റാൻ വന്ന ലോറിയിൽ നിന്നാണ് തീപിടിച്ചതെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം. കന്പനിയിൽ 50000 ലിറ്റർ ടർപ്പന്റൈൻ സൂക്ഷിച്ചിരുന്നു. ഏഴു സ്ത്രീ തൊഴിലാളികളാണ് കന്പനിയിൽ ജോലി ചെയ്യുന്നത്. മുന്പ് മൂന്നുതവണ ഈ കന്പനിയിൽ തീപ്പിടുത്തമുണ്ടായിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു കന്പനിയുടെ പ്രവർത്തനമെന്നാണ് ആരോപണമുയരുന്നത്. കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് വൈകുന്നേരത്തോടെ തീയണച്ചത്. തീപ്പിടുത്തത്തെ തുടർന്ന് കന്പനിയുടെ പ്രവർത്തനം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് നിരോധിച്ചു.