ആലോചിച്ച് ഉറപ്പിച്ച് വിവാഹം കഴിക്കുന്നവരുടെ കാര്യമായാലും പ്രണയിച്ച് വിവാഹിതരാവുന്നവരുടെ കാര്യമായാലും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വിവാഹബന്ധം വേര്‍പെടുത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സമത്വത്തിനുവേണ്ടി വാദിക്കുന്ന ഒരു സമൂഹം കൂടിയായതിനാല്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും വിവാഹമോചനത്തില്‍ കലാശിക്കാറുമുണ്ട്.
എന്നാല്‍ ലോകത്തില്‍ തന്നെ കേട്ടുകേള്‍വി പോലുമില്ലാത്ത ഒന്നായിരിക്കും ഇക്കഴിഞ്ഞ ദിവസം കുവൈറ്റ് നടന്ന ഒരു വിവാഹമോചന കേസ്. വിവാഹത്തിന്റെ ചടങ്ങുകള്‍ കഴിഞ്ഞ് മൂന്ന് മിനിറ്റുകള്‍ക്കകമാണ് നവവധു വിവാഹമോചനം ആവശ്യപ്പെട്ടത്. അതിന്റെ കാരണവും തികച്ചും വ്യത്യസ്തമാണ്.
വിവാഹത്തിന്റെ ചടങ്ങുകള്‍ കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പുറത്തേയ്ക്കിറങ്ങവെ, നവവധു കാല്‍ വഴുതി വീഴാന്‍ തുടങ്ങി. ഇത് കണ്ട് വരന്‍ ‘ മന്ദബുദ്ധി’ എന്ന് ഭാര്യയെ വിളിച്ചു. വിവാഹം കഴിഞ്ഞ് മിനിറ്റുകള്‍ മാത്രം കഴിഞ്ഞ സമയത്തു പോലും ഭര്‍ത്താവ് പ്രകടിപ്പിച്ച മനോഭാവമാണ് അവര്‍ക്ക് ഉള്‍ക്കൊള്ളാനാവാതെ വന്നത്. അതോടെ അവര്‍ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. മാത്രവുമല്ല, തന്നെ അപമാനിക്കുന്ന തരത്തിലുള്ള വാക്കാണ് അയാള്‍ ഉപയോഗിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. ശ്രദ്ധേയമായ കാര്യമെന്തെന്നാല്‍ സംഭവം മനസിലാക്കുന്നവരെല്ലാം പെണ്‍കുട്ടിയുടെ തീരുമാനത്തെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹം ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ കുറച്ചുകാലം കഴിയുമ്പോള്‍ അയാളുടെ സ്വഭാവമെന്തായിരിക്കുമെന്നും അയാളുമായി ഒത്തുപോകാന്‍ സാധിക്കാതെ വരുമെന്നുമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് വരുന്ന പ്രതികരണങ്ങളില്‍ ഭൂരിഭാഗവും. പരസ്പര ബഹുമാനമില്ലാതെ മുന്നോട്ട് പോകാതിരിക്കുന്നതാണ് നല്ലതെന്ന് ഉപദേശിക്കുന്നവരുമുണ്ട്.