കൊച്ചി: വിദേശ രാജ്യങ്ങളിൽ വൻവില ലഭിക്കുന്ന മലാന ക്രീം മയക്കുമരുന്നുമായി പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു. പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത ഹിമാചൽപ്രദേശ് കുളു സ്വദേശി അമിത് ശർമയെ (28) ആണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ഹിമാചൽ പ്രദേശിലെ കുളുമണാലി മേഖലയിൽ വളരുന്ന കഞ്ചാവു ചെടികളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഹഷീഷാണു മലാന ക്രീം എന്ന പേരിൽ വിൽക്കുന്നത്. അവിടെനിന്നും നേരിട്ട് മയക്കുമരുന്ന് കൊണ്ടുവന്നു വിൽപ്പന നടത്തുകയായിരുന്നു പ്രതി ചെയ്തുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
രണ്ട്, മൂന്ന് ഗ്രാം തൂക്കം വരുന്ന ഗുളിക രൂപത്തിലാണു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതും വിൽപ്പന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. ഓണ്‍ലൈൻ മാധ്യമങ്ങളിൽ ലഹരി ഉപയോക്താക്കളുടെ കൂട്ടായ്മകളുണ്ടാക്കിയായിരുന്നു വിൽപന. ആവശ്യക്കാരുടെ കൃത്യമായ സ്ഥലവും സ്ഥാനവും കൈമാറിയാണു വിതരണക്കാരുമായി കണ്ടുമുട്ടുന്നത്.
പ്രതിയിൽനിന്നും ലഭിച്ച വിവരമനുസരിച്ച് ഹാഷിഷ് വാങ്ങിയിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും തുടരന്വേഷണം ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഈ മയക്കുമരുന്നിന് ആവശ്യക്കാരായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
അസി. കമ്മിഷണർ പി.എസ്.സുരേഷിന്റെ മേൽനോട്ടത്തിൽ എസ്ഐ സേവ്യർ, സീനിയർ സിപിഒ പി.കെ. ഗിരീഷ്കുമാർ, സിപിഒമാരായ മാഹിൻ, സുജിത്ത്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.